ഫുട്ബോളില്‍ പുതിയ നിയമ മാറ്റത്തിന് കളമൊരുക്കി ഫിഫ. നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പോ ട് കൂടി പുതിയ നിയമം പ്രാബല്യത്തിൽ വന്ന് തുടങ്ങും.
ഗോള്‍ കീപ്പര്‍ക്ക് എട്ട് സെക്കൻഡില്‍ കൂടുതല്‍ പന്ത് കൈവശം വെക്കാനാവില്ലെന്ന നിയമമാണ് ഇന്ന് ആരംഭിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് മുതല്‍ കര്‍ശനമായി ഫിഫ നടപ്പിലാക്കാനൊരുങ്ങുന്നത്. നേരത്തെ ഈ നിയമം ഫിഫ പാസ്സാക്കിയെങ്കിലും ആദ്യമായാണ് നടപ്പിലാക്കുന്നത്.
ഗോള്‍ കീപ്പര്‍മാര്‍ സമയം പാഴാക്കുന്നത് തടയാൻ ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷൻ ബോര്‍ഡാണ് പുതിയ നിമയം നടപ്പാക്കുന്നത്. ക്ലബ്ബ് ലോകകപ്പില്‍ നടപ്പാക്കുന്ന നിയമം ജൂലൈ ഒന്നുമുതല്‍ മറ്റ് മത്സരങ്ങള്‍ക്കും ബാധകമാക്കും.
പുതിയ നിയമം അനുസരിച്ച് മത്സരത്തില്‍ ഗോള്‍ കീപ്പര്‍ക്ക് എട്ട് സെക്കന്‍ഡില്‍ കൂടുതല്‍ പന്ത് കൈവശം വെക്കാനാവില്ല. എട്ട് സെക്കന്‍ഡില്‍ കൂടുതല്‍ പന്ത് കൈവശം വെച്ചാല്‍ എതിര്‍ ടീമിന് റഫറി കോര്‍ണര്‍ കിക്ക് അനുവദിക്കും.
നേരത്തെ ഗോൾ കീപ്പർമാർ കൂടുതൽ സമയം പന്ത് കൈവശം വെയ്ക്കുമ്പോൾ റഫറി കീപ്പര്ക്ക് മഞ്ഞക്കാർഡ് നൽകിയിരുന്നു. ആ നിയമമാണ് ഇനി കോർണർ കിക്കിലേക്ക് കലാശിക്കുന്നത്.