കേരളാ ബ്ലാസ്റ്റേഴ്സിൽ ഡേവിഡ് കറ്റാല യുഗത്തിന് വിജയത്തോടെ തുടക്കം. ഇന്ന് സൂപ്പർ കപ്പിൽ നടന്ന ‘റൌണ്ട് ഓഫ് 16’ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിന്റെ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. നോക്ക്ഔട്ട് രൂപത്തിൽ ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് സൂപ്പർ കപ്പിന്റെ രണ്ടാം റൗണ്ടിൽ എത്തുന്നത്. ആദ്യ മത്സരം കഴിഞ്ഞപ്പോൾ പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയുടെ കീഴിലെ ബ്ലാസ്റ്റേഴ്സിന്റെ മികവ് എങ്ങനെയാണെന്ന് നോക്കാം…
കറ്റാലയുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ആദ്യമായി ഇറങ്ങിയപ്പോൾ ടീമിന്റെ പ്രകടനത്തിൽ ചില മാറ്റങ്ങളും നമ്മൾ കണ്ടു. മുൻ പരിശീലകൻ മൈക്കേൽ സ്റ്റാറേയുടെ കീഴിൽ കളിച്ചതിനേക്കാൾ വലിയ മാറ്റങ്ങൾ ഇന്ന് കണ്ടെങ്കിലും വിപ്ലവകരമായ മാറ്റങ്ങൾ എന്ന് അവകാശപ്പെടാനുള്ളതൊന്നും ഇന്നുണ്ടായില്ല. എങ്കിലും ചില ശുഭപ്രതീക്ഷകൾ കറ്റാല ബ്ലാസ്റ്റേഴ്സിന് നൽകുന്നുണ്ട്. അവ പരിശോധിക്കാം…
സ്റ്റാറേയിൽ നിന്ന് വിപരീതമായി പ്രതിരോധത്തിന് ഒരു ശക്തി ഇന്നത്തെ മത്സരത്തിൽ നമ്മൾ കണ്ടു. കഴിഞ്ഞ കുറെ മത്സരങ്ങളിലായി പ്രതിരോധത്തിൽ നമ്മൾ കാണാത്ത ഒരു ഒത്തിണക്കം ഇന്നുണ്ടായിരുന്നു.കറ്റാല കളിച്ചിരുന്ന സമയത്ത് അദ്ദേഹം ഒരു സെന്റർ ബാക്ക് താരമായിരുന്നു. അതിനാൽ ഡിഫൻസിൽ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ചില മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ന് ആദ്യ പകുതി അത്ര മികച്ചതായിരുന്നില്ല എങ്കിലും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒരൽപം മികച്ച് നിന്നു. കളിക്കാരുടെ മനോഭാവം, അച്ചടക്കം എന്നിവയിൽ വലിയ മാറ്റം ഇന്ന് കാണാനായി. പക്ഷെ, ഒരു ടീം പ്ലെയിങ്ങിലേക്ക് ബ്ലാസ്റ്റേഴ്സ് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ഫുട്ബാളിൽ ടീം പ്ലെയിങ്ങിന് വലിയ പ്രാധാന്യമുണ്ട്. അത് ഇന്നത്തെ മത്സരത്തിൽ കാണാനായില്ല. അതിനാൽ ഈ കളിയും വെച്ച് ബ്ലാസ്റ്റേഴ്സിന് മുന്നോട്ട് പോകാനാവില്ല…
നെഗറ്റിവുകളും പൊസറ്റീവുകളിലും കറ്റാലയുടെ കളി ശൈലിയിൽ നമുക്ക് കാണാനാവും. എങ്കിലും കൂടുതൽ സമയം അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിൽ ലഭിക്കുകയും അദ്ദേഹത്തിന് അനുയോജ്യമായ കളിക്കാരെ ലഭിക്കുകയും ചെയ്താൽ ബ്ലാസ്റ്റേഴ്സിന് മികച്ച നേട്ടമുണ്ടാക്കി തരാൻ കറ്റാലയ്ക്ക് സാധിക്കും.