പ്രതിഭാസമ്പന്നമായതിനാൽ തന്നെ പല ടാലന്റുകൾക്കും ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാറില്ല. അതിനാൽ തന്നെ ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തതിൽ പല താരങ്ങളും തങ്ങളുടെ ദുഃഖം അറിയിക്കാറുമുണ്ട്. ഇത്തരത്തിൽ വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ ഭാഗമായിട്ടും ഒരൊറ്റ മത്സരത്തിൽ പോലും ഇന്ത്യയ്ക്കായി കളിയ്ക്കാൻ കഴിയാത്തതിന്റെ വേദന പങ്ക് വെയ്ക്കുകയാണ് അഭിമന്യു ഈശ്വർ.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യന്‍ ടീമിനൊപ്പം വിവിധ പര്യടനങ്ങളില്‍ പങ്കെടുത്തിട്ടും ഇതുവരെ അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത താരമാണ് അഭിമന്യു ഈശ്വരന്‍.
ഇക്കഴിഞ്ഞ ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയിൽ ഇന്ത്യൻ സ്‌ക്വാഡിൽ അവസരം ലഭിച്ചെങ്കിലും ഒരൊറ്റ മത്സരത്തിൽ പോലും താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചില്ല. വിൻഡീസ് പരമ്പരയ്ക്കുള്ള ടീമിലും താരത്തിന് ഇടംകിട്ടിയില്ല.
തുടർച്ചയായി ദേശീയ ടീമിൽ നിന്ന് പുറത്തുനിർത്തുന്നതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിമന്യു. “ചിലപ്പോൾ അത് വേദനിപ്പിക്കാറുണ്ട്. എല്ലാ പരിശ്രമവും നടത്തുന്നു. കഠിനമായി പരിശീലിക്കുന്നു. കളിക്കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ചവെക്കാനും ടീമിന്റെ വിജയങ്ങളിൽ പങ്കാളിയാകുന്നതുമാണ് തന്റെ സ്വപ്നമെന്നും അഭിമന്യു പറഞ്ഞു.
ചിലപ്പോൾ വിഷമം തോന്നാറുണ്ട്, പക്ഷേ അത് സ്വാഭാവികമാണ്. മെച്ചപ്പെട്ടുകൊണ്ടിരിക്കുക എന്നതാണ് ഏക പരിഹാരം. ഈ സീസണിൽ ഞാൻ രണ്ട് പുതിയ ഷോട്ടുകൾ പരിശീലിക്കുന്നുണ്ട്. ഏതൊക്കെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ലെന്ന് അഭിമന്യു ചിരിച്ചുകൊണ്ട് പറഞ്ഞു.
