ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അടുത്ത ലക്ഷ്യം 2026 ൽ നടക്കുന്ന ടി20 ലോകകപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കിരീടം നിലനിർത്തുക എന്നത് മാത്രമല്ല, ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന അടുത്ത ടി20 ലോകകപ്പിൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ കിരീടം ഉയർത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്.
ടി20 ലോകകപ്പിന് ഇന്ത്യ ഇറങ്ങും മുമ്പേ അടുത്ത ലോകകപ്പ് സ്‌ക്വാഡിൽ ഇടം പിടിക്കാനുള്ള കഠിന പരിശ്രമം നടത്തുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ലോകേഷ് രാഹുൽ. അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് താനെന്നും താരം വ്യകത്മാക്കി.
2022 ലോകകപ്പിനു ശേഷം രാഹുൽ ട്വന്റി20 ടീമിന്റെ ഭാഗമായിരുന്നില്ല. 2022ലെ ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെയാണ് രാഹുൽ ഏറ്റവും ഒടുവിൽ ഇന്ത്യയ്ക്കായി ട്വന്റി20 ഫോർമാറ്റിൽ കളിച്ചത്.
രാഹുലിന്റെ പതിയെ പോക്കും യുവതാരങ്ങളുടെ വരവുമെല്ലാം രാഹുലിനെ ദേശീയ ടീമിൽ നിന്നും അകറ്റി. എന്നാൽ ഇത്തവണ ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനായി കളിച്ച താരം ടി20 ഫോർമാറ്റിന് അനുയോജ്യനായ താരമാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് രാഹുൽ.
ഇത്തവണത്തെ ഐപിഎലിൽ മികച്ച ഫോമിലായിരുന്നു കെ.എൽ. രാഹുൽ. ഡൽഹി ക്യാപിറ്റൽസിനായി 13 മത്സരങ്ങളിൽ നിന്ന് 539 റൺസാണ് മുപ്പത്തിമൂന്നുകാരൻ രാഹുലിന്റെ നേട്ടം.കഴിഞ്ഞ ആറു സീസണുകളിൽ അഞ്ചാം തവണയാണ് രാഹുലിന്റെ റൺനേട്ടം 500 കടക്കുന്നത്. ഡൽഹിക്ക് പ്ലേഓഫിൽ ഇടംപിടിക്കാനായില്ലെങ്കിലും, രാഹുലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.