കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാനേജ്‌മെന്റിനെതിരെ വലിയ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുകയാണ്. ക്ലബ്ബിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം മാനേജ്‌മെന്റിന്റെ നിരുത്തരവാദിത്വപരമായ തിരുമാനങ്ങളാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. എന്നാൽ ഈ സംഭവം ബ്ലാസ്റ്റേഴ്സിൽ മാത്രമല്ല, ഐഎസ്എല്ലിലെ വമ്പന്മാരായ മുംബൈ സിറ്റി എഫ്സിയും നേരിടുകയാണ്.

കഴിഞ്ഞ സീസണിൽ ഐഎസ്എൽ കപ്പ് ജേതാക്കളായ മുംബൈ സിറ്റിക്ക് ഈ സീസണിൽ തൊട്ടതെല്ലാം പിഴച്ചു. 15 മത്സരങ്ങളിൽ 23 പോയിന്റുമായി പോയ്ന്റ്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് മുംബൈ.

കഴിഞ്ഞ ദിവസം ജംഷദ്പൂരിനെതിരെയും മുംബൈ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പരിശീലകൻ പീറ്റർ ക്രാറ്റ്കി രാജി വെയ്ക്കണമെന്നാണ് ആരാധകരുടെ ആവശ്യം. നേരത്തെ തന്നെ പീറ്റർ ക്രാറ്റ്കി പുറത്ത് പോകണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെത്തെ മത്സരവും പരാജയപ്പെട്ടതോടെ ആരാധകർ ഗാലറിയിൽ ക്രാറ്റ്കി ഔട്ട് ചാന്റ്റ് മുഴക്കുകയായിരുന്നു.

സീസണിൽ 15 മത്സരങ്ങളിൽ ആറ് വിജയവും അഞ്ച് സമനിലയുമാണ് ക്രാറ്റ്കിയുടെ സമ്പാദ്യം. അഞ്ച് മത്സരങ്ങളിൽ അവർ പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ സീസണിലടക്കം മികച്ച രീതിയിൽ മുന്നോട്ട് പോയ ടീമാണ് മുംബൈ.

ക്രാറ്റ്കിയെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോൾ വരും ദിവസങ്ങളിൽ മുംബൈയിൽ ക്രാറ്റ്കിയുടെ കസേര തെറിക്കാൻ സാധ്യതകളേറെയുകയാണ്.