ഫുട്ബോൾ ലോകത്ത് പരിശീലകരും കളിക്കാരും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും ക്ലബ്ബുകളോടുള്ള കൂറിനേക്കാൾ ശക്തമാകാറുണ്ട്. ഒരു പ്രത്യേക പരിശീലകന്റെ തന്ത്രങ്ങളിൽ വിശ്വസിക്കുകയും അവർ ക്ലബ് മാറുമ്പോൾ അവരുടെ പിന്നാലെ പുതിയ ടീമുകളിലേക്ക് ചേക്കേറുകയും ചെയ്യുന്നത് ലോക ഫുട്ബോളിലെ സ്ഥിരം കാഴ്ചയാണ്.
പെപ് ഗ്വാർഡിയോള ബാഴ്സലോണയിൽ നിന്നും ബയേൺ മ്യൂണിക്കിലേക്ക് മാറിയപ്പോൾ തിയാഗോ അൽകാന്ററയെ കൂടെക്കൂട്ടിയത് ഇതിന് മികച്ച ഉദാഹരണമാണ്. സ്ലാറ്റൻ ഇബ്രാഹിമോവിച്ചും ഹോസെ മൗറീഞ്ഞോയും തമ്മിലുള്ള ബന്ധവും ഇത്തരത്തിൽ ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്.
ഇന്ത്യൻ ഫുട്ബോളിലേക്ക് വന്നാൽ (ISL), സെർജിയോ ലോബെറ എന്ന പരിശീലകനോടുള്ള വിശ്വാസം കാരണമാണ് അമേ റാണാവാഡ കേരള ബ്ലാസ്റ്റേഴ്സുമായി ദീർഘകാല കരാർ ഉണ്ടായിട്ടും മോഹൻ ബഗാനിലേക്ക് പോയത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരമൊരു ‘ഗുരു-ശിഷ്യ’ ബന്ധം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ക്ലബ്ബിന്റെ മുൻ പരിശീലകനായിരുന്ന തൊമാസ് ചോഴ്സ് സ്പോർട്ടിങ് ക്ലബ് ഡൽഹിയിലേക്ക് മാറിയതോടെ ബ്ലാസ്റ്റേഴ്സിന്റെ കരുത്തുറ്റ യുവനിരയിലെ കണ്ണികൾ ഓരോന്നായി അവിടേക്ക് ചേക്കേറുകയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തോളം ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ചായും യൂത്ത് ഡെവലപ്മെന്റ് ഹെഡ് ആയും പ്രവർത്തിച്ച ചോഴ്സിന് താരങ്ങളുമായി അത്രമേൽ ആഴത്തിലുള്ള ബന്ധമാണുള്ളത്.
ബ്ലാസ്റ്റേഴ്സിന്റെ ഭാവി വാഗ്ദാനങ്ങളായി കരുതിയിരുന്ന ഐമനും അസ്ഹറും ക്ലബ് വിട്ട് സ്പോർട്ടിങ് ഡൽഹിയിലേക്ക് ചേർന്നത് ചോഴ്സിലുള്ള വിശ്വാസം ഒന്നുമാത്രമാണ്.
അദ്ദേഹത്തിന് കീഴിൽ കളി പഠിച്ചു വളർന്ന ഇരുവരും തങ്ങളുടെ കരിയറിലെ അടുത്ത ഘട്ടത്തിലും പ്രിയ പരിശീലകനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
ഈ ഞെട്ടൽ മാറുന്നതിന് മുൻപേയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ നോറ ഫെർണാണ്ടസും ഇതേ പാത പിന്തുടർന്ന് ഡൽഹിയിലേക്ക് വിമാനം കയറിയത്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം തങ്ങൾ വളർത്തിയെടുത്ത പ്രതിഭകൾ പഴയ പരിശീലകന്റെ തണലിലേക്ക് പോകുന്നത് വലിയ തിരിച്ചടിയാണ്.
എങ്കിലും കളിക്കാർ തങ്ങളുടെ കരിയറും അവസരങ്ങളും പരിഗണിച്ച് തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പരിശീലകരെ തിരഞ്ഞെടുക്കുന്നത് ഫുട്ബോൾ ലോകത്ത് സർവസാധാരണമായ ഒന്നായി തുടരുന്നു.
content: ISL