FootballIndian Super LeagueKBFCSportsTransfer News

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തിരിച്ചടി; ഗോൾ കീപ്പർ നോറ ഫെർണാണ്ടസും ക്ലബ് വിട്ടു; പുതിയ ക്ലബ്ബിൽ കരാറൊപ്പിട്ടു

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് ടീമിലെ യുവ ഗോൾകീപ്പർ നോറ ഫെർണാണ്ടസും ക്ലബ് വിട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും പുറത്തുപോകുന്ന നാലാമത്തെ താരമാണ് നോറ (kerala blasters fc).

kerala blasters fc

ഐഎസ്എൽ ക്ലബ്ബായ സ്പോർട്ടിങ് ക്ലബ് ഡൽഹിയുമായാണ് താരം പുതിയ കരാറിൽ ഒപ്പിട്ടിരിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ഖേൽ നൗ ആണ് ഈ ട്രാൻസ്ഫർ വാർത്ത പുറത്തുവിട്ടത്.

കഴിഞ്ഞ സീസണിലായിരുന്നു ഗോവൻ സ്വദേശിയായ നോറ ഫെർണാണ്ടസ് ഐസ്വാൾ എഫ്‌സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. എന്നാൽ ടീമിലെ ഒന്നാം നമ്പർ ഗോൾകീപ്പറായ സച്ചിൻ സുരേഷിന്റെ സാന്നിധ്യം മൂലം ആദ്യ സീസണിൽ താരത്തിന് ഐഎസ്എല്ലിൽ കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല.

എന്നാൽ ഇക്കഴിഞ്ഞ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കാൻ നോറയ്ക്ക് അവസരം ലഭിച്ചു. കളിച്ച മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച താരം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വരാനിരിക്കുന്ന ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനത്തേക്ക് നോറ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായ ഈ കൂടുമാറ്റം.

ക്ലബ് വിടുന്ന നാലാമത്തെ താരം

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട മലയാളി താരങ്ങളായ മുഹമ്മദ് ഐമൻ, മുഹമ്മദ് അസ്ഹർ എന്നിവരും നേരത്തെ സ്പോർട്ടിങ് ക്ലബ് ഡൽഹിയിലേക്ക് ചേക്കേറിയിരുന്നു.

ഇതിന് പിന്നാലെ പ്രതിരോധ താരം അമേ റാണാവാഡ മൂന്ന് മാസത്തെ ലോൺ വ്യവസ്ഥയിൽ മോഹൻ ബഗാനിലേക്കും പോയി.

അമേ റാണാവാഡ ലോൺ കാലാവധിക്ക് ശേഷം ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമെങ്കിലും ഐമൻ, അസ്ഹർ, നോറ എന്നിവർ സ്ഥിര കരാറിലാണ് ക്ലബ് വിട്ടിരിക്കുന്നത്.

അതിനാൽ ഈ മൂന്ന് താരങ്ങളും ഇനി മഞ്ഞപ്പടയുടെ ജഴ്സിയിൽ തിരിച്ചെത്തില്ല എന്നത് ഉറപ്പായി.

ഒന്നിന് പുറകെ ഒന്നായി പ്രധാന താരങ്ങൾ ക്ലബ് വിടുന്നത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ടീമിലെ ഈ അഴിച്ചുപണികൾ വരും സീസണിലെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.

അതേ സമയം ഫെബ്രുവരി 14 ന് മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരം.

വൈകുന്നേരം അഞ്ച് മണിക്ക് കൊൽക്കത്തയിലാണ് മത്സരം.

ALSO READ: ഐഎസ്എല്ലിന് തയ്യാർ; 29 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

content: kerala blasters fc