മാനേജ്‌മെന്റിനെതിരെയുള്ള വലിയ പ്രതിഷേധങ്ങൾക്കിടയിലും ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകൻ തോമസ് ചോഴ്സിൽ ആരാധകർക്ക് വിശ്വാസം വന്ന് തുടങ്ങിയിരിക്കുകയാണ്. അദ്ദേഹം ചുമതലയേൽക്കുമ്പോൾ 11 ആം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ എട്ടാം സ്ഥാനത്താണ്. പരിശീലിപ്പിച്ച നാല് മത്സരങ്ങളിൽ മൂന്ന് വിജയം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത് ഇടഞ്ഞ് നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരിലും ഒരു മാറ്റം ഉണ്ടാക്കിയിരിക്കുകയാണ്.

സമീപ കാലത്തായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേഡിയത്തിലേക്ക് ആളുകളെത്തുന്നതും ടിക്കറ്റ് വിൽപനയും വളരെ കുറവായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഓൺലൈൻ ടിക്കറ്റ് വിതരണക്കാരായ ഇൻസൈഡർ നൽകുന്ന വിവരം അനുസരിച്ച് സമീപ കാലത്തായി ഉണ്ടായിരുന്ന ടിക്കറ്റ് വിൽപ്പനയിലെ ഇടിവിന് ഇപ്പോൾ ചെറിയ രീതിയിൽ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ്.

സമീപ കാലത്തായി ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളുടെ ടിക്കറ്റുകളോട് ആരാധകർക്ക് തണുപ്പൻ പ്രതികരണമായിരുന്നു. എന്നാൽ ജനുവരി 18 ന് നോർത്ത് ഈസ്റ്റിനെതിരെ കൊച്ചിയിൽ നടക്കുന്ന പോരാട്ടത്തിനായുള്ള ടിക്കറ്റുകളുടെ വിൽപനയിൽ ചെറിയ രീതിയിൽ വർദ്ധനവ് സംഭവിച്ചിട്ടുണ്ട്.

നോർത്ത് ഈസ്റ്റുമായുള്ള മത്സരത്തിൽ സമീപ കാലത്തുണ്ടായതിനേക്കാൾ കൂടുതൽ ആരാധകരെ സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കാം.അതേ സമയം തോമസ് ചോഴ്സ് ടീമിൽ ഉണ്ടാക്കിയെടുത്ത മാറ്റമാണ് ആരാധകർ ക്ലബിനോട് അകലം കുറയ്ക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

കടലാസ്സിൽ ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകൻ ടിജി പുരുഷോത്തമൻ ആണെങ്കിലും ബ്ലാസ്റ്റേഴ്സി നിലവിൽ തോമസിന്റെ കീഴിലാണ് കളിക്കുന്നത്. ഐഎസ്എൽ നിയമം അനുസരിച്ച് ഏതെങ്കിലും ടീമിന്റെ മുഖ്യപരിശീലകർ രാജിവെയ്ക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്താൽ നേരത്തെ രജിസ്റ്റർ ചെയ്ത ഇന്ത്യൻ സഹപരിശീലകൻ ഓട്ടോമാറ്റിക്കലി ടീമിന്റെ അടുത്ത പരിശീലകനാകും. ഇതാണ് കടലാസ്സിൽ പുരുഷോത്തമൻ ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകനാവാൻ കാരണം. അതേ സമയം ബ്ലാസ്റ്റേഴ്‌സ് ഇത് വരെ പരിശീലകനായി തോമസിന്റെ പേര് രജിസ്റ്റർ ചെയ്തിട്ടില്ല. അതിനാലാണ് അദ്ദേഹം ഔദ്യോഗികമായി പരിശീലിക്കാനാവാത്തത്.