ഐഎസ്എല്ലിൽ ഈ സീസൺ മുതൽ നടപ്പിലായ നിയമമാണ് റെഡ് കാർഡ് അപ്പീൽ നിയമം. അതായത് ഏതെങ്കിലും ഒരു താരത്തിന് റെഡ് കാർഡ് ലഭിക്കുകയാണ് എങ്കിൽ ആ ക്ലബിന് എഐഎഫ്എഫിനെ സമീപിക്കാനും റെഡ് കാർഡ് എഐഎഫ്എഫ് അച്ചടക്കകമ്മിറ്റിയ്ക്ക് പുനഃപരിശോധിക്കാനും കാർഡ് ലഭിച്ചത് ഗുരുതരമല്ലാത്ത ഫൗളിനാണ് എങ്കിൽ റെഡ് കാർഡ് മഞ്ഞക്കാർഡായി മാറ്റാനും സാധിക്കും. ഈ നിയമം ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഉപയോഗിക്കാനുള്ള സാധ്യതകൾ ഇപ്പോൾ വർധിച്ചിരിക്കുകയാണ്.
നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം ഐബാൻ ഡോഹ്ലിംഗിന് റെഡ് കാർഡ് ലഭിച്ചിരുന്നു. ഡയറക്ട് റെഡ് കാർഡാണ് താരത്തിന് ലഭിച്ചത്. അതിനാൽ താരത്തിന്റെ റെഡ് കാർഡിൽ ‘റെഡ് കാർഡ് അപ്പീൽ’ എന്ന നിയമ സഹായം ബ്ലാസ്റ്റേഴ്‌സ് വീണ്ടും തേടിയേക്കും.
അപ്പീലിലിൽ ഐബാൻ റെഡ് കാർഡ് അർഹിക്കുന്ന ഫൗൾ അല്ല ചെയ്തത് എന്ന് എഐഎഫ്എഫിന്റെ അച്ചടക്ക കമ്മിറ്റിയ്ക്ക് ബോധ്യമായാൽ താരത്തിന്റെ റെഡ് കാർഡിന് പകരം മഞ്ഞകാർഡായി അതിനെ മാറ്റും. അങ്ങനെ സംഭവിച്ചാൽ താരത്തിന് ഈസ്റ്റ് ബംഗാളിനെതിരെയുള്ള അടുത്ത മത്സരം കളിക്കാനാവും.
നേരത്തെ പഞ്ചാബ് എഫ്സിക്കെതിരെയും ഐബാന് റെഡ് കാർഡ് ലഭിച്ചിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകിയതോടെ എഐഎഫ്എഫ് പരിശോധന നടത്തുകയും താരത്തിന്റെ റെഡ് കാർഡ് മഞ്ഞക്കാർഡാക്കി മാറ്റുകയും ചെയ്തിരുന്നു.
അതേ സമയം, റെഡ് കാർഡ് ലഭിക്കാൻ പാകത്തിലുള്ള വീഴ്ചകൾ തന്നെയാണ് ഐബാന്റെ ഭാഗത്ത് നിന്നുണ്ടായത്. പക്ഷെ, എഐഎഫ്എഫിന്റെ കണ്ണിൽ അത് എത്രമാത്രം പ്രശ്നമാണോ എന്ന കാര്യം കൂടി ഈ വിഷയത്തിൽ നിർണായകമാണ്.