ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശ സൈനിങ്‌ പൂർത്തിയാക്കിയിരിക്കുകയാണ് മോണ്ടിനെഗ്രെനിയൻ താരം ദുസാൻ ലഗാറ്റോറിന്റെ സൈനിങ്ങാണ് കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത ഈ 30 കാരന്റെ പ്രകടനം എങ്ങനെയാണ്? ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയർപ്പിക്കാൻ കഴിയുന്ന താരമാണോ ദുസാൻ? നമ്മുക്ക് പരിശോധിക്കാം…

ഡിഫൻസീവ് മിഡ്ഫീൽഡാണ് പ്രധാന പൊസിഷനെങ്കിലും സമീപകാലത്തായി സെന്റർ ബാക്ക് റോളിലാണ് താരം കൂടുതലായും കളിച്ചിട്ടുള്ളത്. മിഡ് ഫീൽഡർ എന്ന വിശേഷണത്തോടെയാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് പരിചയപ്പെടുത്തിയതെങ്കിലും ഒരു ക്രിയാത്മക മിഡ്ഫീൽഡറല്ല ലഗാറ്റോർ. പകരം പ്രതിരോധത്തിന് കൂടുതൽ പ്രാധാന്യം നൽകി കളിക്കുന്ന താരമാണ് അദ്ദേഹം.

ഹംഗറിയിലെ ടോപ് ഡിവിഷൻ ലീഗിലെ ഡെബ്രെസെനി എന്ന ക്ലബ്ബിൽ നിന്ന് ഏതാണ്ട് 80 ലക്ഷത്തോളം രൂപ ട്രാൻസ്ഫർ ഫീയായി മുടക്കിയാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. ഡെബ്രെസെനിക്കായി ഈ സീസണിൽ 16 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളോ അസ്സിസ്റ്റോ തന്റെ പേരിലാക്കിയിട്ടില്ല. എന്നാൽ കാർഡുകൾ വാങ്ങികൂട്ടുന്നതിൽ മിടുക്കനാണ് താരം.സെന്റർ ബാക്ക് പൊസിഷനിലാണ് അദ്ദേഹം ഈ സീസണിൽ കൂടുതലായും കളിച്ചത്. അവരുടെ പ്ലെയിങ് ഇലവനിൽ പ്രധാന താരം തന്നെയാണ് ലഗാറ്റോർ.

ക്രോസിംഗ്, ഹെഡിങ് ആക്യൂറസി, ഷോർട് പാസിംഗ്, ഡ്രിബ്ലിങ്, ബോൾ കൺട്രോൾ, ഡിഫൻസീവ് അവൈർനെസ്, ടാക്കിൽസ്, എന്നിവയിലേക്കോ താരം ശരാശരിയോ, അല്ലെങ്കിൽ ശരാശരിയ്‌ക്കോ താഴെ മാത്രമാണെന്നാണ് പ്ലയെർ അനലൈസിങ് വെബ്സൈറ്റായ സോഫിഫ നൽകുന്ന വിവരങ്ങൾ. എന്നാൽ, സ്റ്റാമിന, സ്ട്രെങ്ത്, അഗ്രഷൻ എന്നിവയിൽ താരം മികച്ച് നിൽക്കുന്നതായി സോഫിഫയുടെ കണക്കുകളിൽ വ്യക്തമാക്കുന്നു.

ചുരുക്കി പറഞ്ഞാൽ കളി മികവിനേക്കാൾ അഗ്രഷൻ തന്നെയാണ് താരത്തിന് കൂടുതലായുമുള്ളത്. ഇതിന്റെ പേരിൽ മഞ്ഞക്കാർഡും വാങ്ങിക്കുന്നതിൽ താരം കേമനാണ്. ഹംഗേറിയൻ ലീഗിൽ കളിച്ച 16 മത്സരങ്ങളിൽ 8 കാർഡുകളാണ് താരം വാങ്ങിച്ചത്. അതേ സമയം,മോണ്ടിനെഗ്രോയ്ക്ക് പുറമെ സെർബിയ, പോളണ്ട്, റഷ്യ എന്നിവിടങ്ങളിലെ ക്ലബ്ബുകളിൽ താരം കളിച്ചിട്ടുണ്ട്. 2026 മെയ് 31 വരെയുള്ള കരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

index: https://sofifa.com/player/258039/dusan-lagator/220069