മുൻ സീസണുകളെ അപേക്ഷിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ ഒരു സ്പാനിഷ് ഫ്ലേവറിലാണ് ഒരുങ്ങുന്നത്. സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന് കീഴിൽ നടത്തിയ ആദ്യ വിദേശ സൈനിങ് സ്പാനിഷ് താരമായ കോൾഡോ ഒബിയേറ്റയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സ്പാനിഷ് എഡിഷൻ കൂടി ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുകയാണ്.
സ്പാനിഷ് പരിശീലകനായ അലക്സ് ഒർട്ടിസ് സാഞ്ചസിനെ (Alex Ortiz Sanchez) ഗോൾകീപ്പിംഗ് പരിശീലകനായി നിയമിച്ചാണ് ബ്ലാസ്റ്റേഴ്സ് (Kerala Blasters) വീണ്ടുമൊരു സ്പാനിഷ് സൈനിങ് നടത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ISL 2025-26 സീസണിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർമാരെ ഒരുക്കുക എന്ന സുപ്രധാന ദൗത്യമാണ് ഈ സ്പാനിഷ് ഗോൾ കീപ്പിംഗ് കോച്ചിന് മുന്നിലുള്ളത്.
ഗോൾകീപ്പിംഗ് പരിശീലനത്തിൽ അനുഭവ സമ്പത്തും സ്പാനിഷ് ശൈലിയുടെ പിൻബലവുമായാണ് അലക്സ് ഒർട്ടിസ് സാഞ്ചസ് കൊച്ചിയിലെത്തുന്നത്. സ്പെയിനിലെ വിവിധ ഡിവിഷനുകളിലെ ക്ലബ്ബുകളായ സി.ഡി. ലുഗോ (CD Lugo), വേലെസ് സി.എഫ് (Vélez CF), സി.ഡി. റിങ്കോൺ (CD Rincón) തുടങ്ങിയ ടീമുകളുടെ പരിശീലകസംഘത്തിൻ്റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സി.ഡി. ലുഗോയുടെ സീനിയർ ടീമിൻ്റെയും ബി ടീമിൻ്റെയും പരിശീലനത്തിൽ അദ്ദേഹത്തിൻ്റെ പങ്ക് നിർണ്ണായകമായിരുന്നു.
ഗോൾകീപ്പർമാരുടെ വ്യക്തിഗത വളർച്ചയ്ക്കും, കളിമികവ് വർദ്ധിപ്പിക്കുന്നതിനും, ആധുനിക ഫുട്ബോളിലെ ആവശ്യങ്ങൾക്കനുരിച്ച് അവരെ സജ്ജരാക്കുന്നതിനു പ്രത്യേക ഊന്നൽ നൽകുന്നു പരിശീലകൻ കൂടിയാണ് അദ്ദേഹം.
ടീമിന്റെ പ്രധാന ഗോൾ കീപ്പറായ സച്ചിൻ സുരേഷിന്റെ പ്രകടനം ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലാണ് അലക്സ് സാഞ്ചസ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിംഗ് ചുമതല ഏറ്റെടുക്കുന്നത്. ഇത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
