യൂറോപ്പിലെ വമ്പൻ ട്രാൻസ്ഫറുകളുമായി താരമത്യം ചെയ്യുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെ ട്രാൻസ്ഫർ തുകകൾ വളരെ കുറഞ്ഞ രീതിയിൽ തോന്നുമെങ്കിലും ഐഎസ്എല്ലിനെ സംബന്ധിച്ചുള്ള നിലവാരത്തിലുള്ള ട്രാൻസ്ഫർ തുകകൾ തന്നെയാണ് ഇവിടെയും കൈമാറ്റം ചെയ്യപ്പെടുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ് പുതുതായി സ്വന്തമാക്കിയ വിദേശ താരത്തിനായും ബ്ലാസ്റ്റേഴ്‌സ് അത്യാവശ്യം നല്ലൊരു തുക മുടക്കിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ഏറ്റവും ഒടുവിലായി സ്വന്തമാക്കിയ മോണ്ടിനെഗ്രെനിയൻ താരമായ ദുസാൻ ലഗോറ്ററിനായി 80 ലക്ഷം രൂപയാണ് ട്രാൻസ്ഫർ ഫീയായി മുടക്കിയത്. ഹംഗറിയിലെ ടോപ് ഡിവിഷൻ ക്ലബായ ഡെബ്രെസെനിയുമായി കരാറിലുള്ള താരത്തെയാണ് ക്ലബിന് 80 ലക്ഷം രൂപ മുടക്കി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.2026 മെയ് 31 വരെയാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്.

പ്രായം 30 ലെത്തിയ, എലൈറ്റ് പ്രൊഫൈലില്ലാത്ത ഒരു താരത്തിനായി 80 ലക്ഷം രൂപ മുടക്കി എന്നത് ചെറിയ തുകയല്ല. രാഹുൽ കെപിയെ ഒഡീഷയ്ക്ക് വിറ്റപ്പോൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 25 ലക്ഷം രൂപയുടെ താഴെയാണ് എന്ന കണക്കും ഈ കണക്കും താരമത്യം ചെയ്താൽ ലഗോറ്ററിനായി ബ്ലാസ്റ്റേഴ്‌സ് മുടക്കിയത് ചെറിയ തുകയല്ലെന്ന് വ്യക്തം.

അതേ സമയം, ക്രോസിംഗ്, ഹെഡിങ് ആക്യൂറസി, ഷോർട് പാസിംഗ്, ഡ്രിബ്ലിങ്, ബോൾ കൺട്രോൾ, ഡിഫൻസീവ് അവൈർനെസ്, ടാക്കിൽസ്, എന്നിവയിലേക്കോ താരം ശരാശരിയോ, അല്ലെങ്കിൽ ശരാശരിയ്‌ക്കോ താഴെ മാത്രമാണെന്നാണ് പ്ലയെർ അനലൈസിങ് വെബ്സൈറ്റായ സോഫിഫ നൽകുന്ന വിവരങ്ങൾ. എന്നാൽ, സ്റ്റാമിന, സ്ട്രെങ്ത്, അഗ്രഷൻ എന്നിവയിൽ താരം മികച്ച് നിൽക്കുന്നതായി സോഫിഫയുടെ കണക്കുകളിൽ വ്യക്തമാക്കുന്നു.

ചുരുക്കി പറഞ്ഞാൽ കളി മികവിനേക്കാൾ അഗ്രഷൻ തന്നെയാണ് താരത്തിന് കൂടുതലായുമുള്ളത്. ഇതിന്റെ പേരിൽ മഞ്ഞക്കാർഡും വാങ്ങിക്കുന്നതിൽ താരം കേമനാണ്. ഹംഗേറിയൻ ലീഗിൽ കളിച്ച 16 മത്സരങ്ങളിൽ 8 കാർഡുകളാണ് താരം വാങ്ങിച്ചത്.