കഴിഞ്ഞദിവസം നടന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. സീസണിൽ കൊച്ചിയിൽ നടന്ന അവസാന ഹോം പോരാട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്.
ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വിജയഗോൾ നേടിയത്. എന്നാൽ പെപ്രയുടെ ഗോളിനേക്കാൾ ചർച്ചാവിഷയമാകുന്നത് മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം ബികാശ് യുംനം നടത്തിയ ഗോൾ ലൈൻ ക്ലിയറൻസാണ്.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിട്ട് നിൽക്കുന്ന സമയത്താണ്, കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കേ മുംബൈ താരം ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല ലക്ഷ്യമാക്കി ഷോട്ട് പായിച്ചത്.
ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ പൂർണ്ണമായും മറികടന്ന പന്ത്, ഗോൾലൈൻ കടക്കവെയാണ് ബികാശ് രക്ഷാപ്രവർത്തനം നടത്തിയത്. ആ ഗോൾലൈൻ ക്ലിയറൻസ് ഇല്ലായിരുന്നുവെങ്കിൽ മത്സരം സമനിലയിൽ കലാശിച്ചേനേ…
ഇക്കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെന്നൈ എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരമാണ് ബികാശ്. താരത്തിന്റെ ഈ ട്രാൻസ്ഫർ വിജയകരം എന്ന് സൂചിപ്പിക്കുന്നതാണ് താരത്തിന്റെ പ്രകടനം.