‘മിടുക്കനായിരുന്നു..പക്ഷെ പിന്നീട് എന്തൊക്കെയോ സംഭവിച്ചു’ സിദ്ദിഖിന്റെ കഥാപാത്രം ഒരു സിനിമയിൽ പറഞ്ഞത് പോലെ ബ്ലാസ്റ്റേഴ്സിൽ മിടുക്കും പരിശീലകരുടെ പ്രശംസയും പിടിച്ച് പറ്റിയ മലയാളി താരം പിന്നീട് ചിത്രത്തിലെ ഇല്ലാതായി. എങ്കിലും നീണ്ട 16 മാസങ്ങൾക്ക് ശേഷം താരം ബ്ലാസ്റ്റേഴ്സിന്റെ മാച്ച് സ്‌ക്വാഡിൽ ഇടംപിടിച്ച് തിരിച്ച് വരവ് അറിയിച്ചിരിക്കുകയാണ്.

പറഞ്ഞ് വന്നത് മലയാളി പ്രതിരോധ താരം ബിജോയ് വർഗീസിനെ പറ്റിയാണ്. 2021 ൽ ഇവാൻ വുകമനോവിച്ചിന്റെ ആദ്യ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ സ്റ്റാർട്ടിങ് ഇലവനിൽ ഇടംപിടിച്ച് സീനിയർ ടീം അരങ്ങേറ്റം നടത്തിയ താരമായിരുന്നു ബിജോയ്. പിന്നീട് പരിക്കും ഹോർമിപാമിന്റെ മികച്ച പ്രകടനവും കാരണം അവസരങ്ങൾ നഷ്ടപ്പെട്ട് തുടങ്ങിയ താരം 16 മാസങ്ങൾക്ക് ശേഷം ഇന്നലെ നടന്ന ഒഡീഷയ്ക്കെതിരായ മത്സരത്തിലാണ് വീണ്ടും മാച്ച് സ്‌ക്വാഡിൽ ഇടംപിടിച്ചത്.

2023 അഗസ്റ്റിൽ നടന്ന ബ്ലാസ്റ്റേഴ്സും ഇന്ത്യൻ എയർഫോഴ്സും തമ്മിലെ ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പ്ഘട്ട മത്സരത്തിലാണ് താരം ബ്ലാസ്റ്റേഴ്സിനായി ഇതിന് മുമ്പ് അവസാനമായി കളിച്ചത്. പിന്നീട് ആ സീസണിൽ ഇന്റർ കാശിക്കായി ലോണിൽ കളിച്ച താരം 2023 ഡിസംബറിൽ പരിക്കേറ്റ് പുറത്താവുകയായിരുന്നു. പിന്നീട് ആ പരിക്കിൽ നിന്നും മുക്തനാവാൻ നീണ്ട കാലം തന്നെ താരത്തിന് വേണ്ടി വന്നു.

ഒഡീഷയ്ക്കെതിരായ മത്സരത്തിൽ ബെഞ്ചിൽ സ്ഥാനം ലഭിച്ചെങ്കിലും പ്ലെയിങ് ടൈം ലഭിച്ചില്ല. അതേ സമയം, ഈ വർഷം മെയ് അവസാനത്തോടെ താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കും.

നിലവിൽ ഹോർമിപാമുള്ള സാഹചര്യത്തിലും അടുത്ത സീസണിൽ ബികാഷ് യുംനം ബ്ലാസ്റ്റേഴ്സിൽ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ബിജോയിയെ ക്ലബ് കൈവിടാനാണ് സാധ്യത.