ഇന്ത്യൻ സൂപ്പർ ലീഗിന്റെ അനിശ്ചിതത്വം തുടരവേ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. കടുത്ത നിലപാടുമായി രംഗത്ത്. ക്ലബ്ബിന്റെ ഭാവി തീരുമാനങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കെ, നിർണായകമായ ഒരാവശ്യം ഉന്നയിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനിൽ (AIFF) നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് ബ്ലാസ്റ്റേഴ്സ് കടുപ്പം കാണിക്കുന്നത്.വരും സീസണെ പറ്റി AIFF-ന്റെ നിലപാട് അറിയാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ക്ലബ്ബ് വ്യക്തമാക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഫെഡറേഷൻ തങ്ങളുടെ ആശങ്കകൾക്ക് മറുപടി നൽകിയില്ലെങ്കിൽ, നിലവിലുള്ള മൂന്ന് വിദേശ കളിക്കാരെ റിലീസ് ചെയ്യുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരിക്കുന്നത്. അഡ്രിയാൻ ലൂണ, നോഹ സാദോയി, ദുസാൻ ലഗോറ്റർ എന്നിവരാണ് നിലവിലെ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ. ഇവരെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുക.
AIFF-ൻ്റെ ഭാഗത്തുനിന്നുള്ള പ്രതികരണമില്ലായ്മ ക്ലബ്ബിന് വലിയ സാമ്പത്തികവും അല്ലാത്തതുമായ ബാധ്യതകൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കളിക്കാരെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ഈ പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്.
ഈ സാഹചര്യത്തിൽ, AIFF-ൻ്റെ അടുത്ത നീക്കം നിർണായകമാകും. ആരാധകർ ഉറ്റുനോക്കുന്നത്, ബ്ലാസ്റ്റേഴ്‌സിൻ്റെ ഈ അന്ത്യശാസനം ഫെഡറേഷൻ എങ്ങനെ നേരിടുമെന്നും ടീമിന്റെ ഭാവി എന്താകുമെന്നുമാണ്.
