ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ആർസിബി കിരീടം ഉയർത്തിയപ്പോൾ അതിന് ചുക്കാൻ പിടിച്ചത് ഓൾറൗണ്ടർ ക്രൂണാൽ പാണ്ട്യയാണ്. മത്സരത്തിൽ നാലോവർ എറിഞ്ഞ താരം 17 റൺസ് വഴങ്ങിയ വീഴ്ത്തിയത് അപകടകാരികളായ പ്രഭ്സിമ്രാൻ സിങ്ങിനെയും ഓസിസ് താരം ജോഷ് ഇംഗ്ലീസിനെയുമാണ്. താരത്തിന്റെ മാന്ത്രിക സ്പെല്ലാണ് മത്സരം ആർസിബിയുടെ വരുതിയിലെത്തിച്ചത്. ഇപ്പോഴിതാ ആ സ്പെല്ലിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
മത്സരശേഷം നടന്ന പോസ്റ്റ് മാച്ച് ഷോയിലാണ് ക്രൂണാൽ മാന്ത്രിക സ്പെല്ലിന്റെ തന്ത്രം പറഞ്ഞത്. ആർസിബി ആദ്യം ബാറ്റ് ചെയ്യുന്ന സമയത്ത് പുറത്തായ ബാറ്റർമാരോട് താൻ പിച്ചിനെ പറ്റി സംസാരിക്കുകയും അത് വഴി ഏറ്റവും കുറഞ്ഞ വേഗതയിൽ പന്തെറിഞ്ഞാൽ മികച്ച സ്പെൽ സൃഷ്ടിക്കാനാവുമെന്ന് എനിക്ക് മനസിലാക്കുകയും ചെയ്തു.
എന്നാൽ പേസ് ബൗളർമാർ ട്രാക്ക് കണ്ടെത്തുന്ന പിച്ചിൽ സ്ലോ ബൗളുകൾ എറിഞ്ഞാൽ വിജയിക്കുമോ എന്നത് ഏറെ റിസ്ക്കുള്ള ഒരു ആലോചനയായിരുന്നെന്നും എന്നാൽ തന്റെ ആത്മവിശ്വാസത്തെ പിന്തുണച്ച് താൻ സ്ലോ ബൗളുകളെ എറിയാൻ തിരുമാനിച്ചെന്നും അതിൽ മികച്ച റിസൾട്ട് ലഭിച്ചെന്നും ക്രൂണാൽ മത്സരശേഷം പറഞ്ഞു.
പ്രഭ്സിമ്രാൻ സിംഗിനെ മടക്കിയ ക്രൂണാലിന്റെ പന്തിന്റെ വേഗത കേവലം 80 കിലോമീറ്റർ പെർ ഹവർ മാത്രമായിരുന്നു. ഇംഗ്ലീസിനെ മടക്കിയ പന്തിന് 100 വേഗതയും. വേഗത കുറഞ്ഞ പന്തിൽ ബാറ്റർമാർക്ക് ടൈമിംഗ് നഷ്ടമാവുകയും വമ്പനടികൾ നടത്താൻ ശ്രമിച്ച ഇരുവരും ക്യാച്ചിലൂടെ പുറത്താവുകയും ചെയ്യുകയായിരുന്നു.
ആർസിബിക്കൊപ്പം കിരീടങ്ങൾ നേടുമെന്ന് പറഞ്ഞ ആദ്യ സീസണിൽ തന്നെ കിരീടം നേടാനായതിനാൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും ക്രൂണാലാണ്.
