കഴിഞ്ഞ കുറച്ചു മണിക്കൂറുകളിലായി ഫുട്‌ബോൾ ലോകത്ത്, ലയണൽ മെസ്സി ഇന്റർ മിയാമി വിടാൻ പോകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ വീണ്ടും സജീവമാകുകയാണ്. അടുത്ത ലോകകപ്പിനായി ഒരുങ്ങാൻ മിയാമി വിട്ട് കൂടുതൽ ശക്തമായ ഒരു ലീഗിലേക്ക് പോയി ലോകക്കപ്പിനായി ഒരുങ്ങാൻ മെസ്സി ആഗ്രഹിക്കുന്നതായി അദ്ദേഹത്തിൻറെ കുടുംബം വെളിപ്പെടുത്തിയതായി എസ്റ്റെബാൻ എഡ്യൂൾ പങ്ക് വെച്ച ഒരു റിപ്പോർട്ടാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണം. ഇറ്റാലിയൻ ‘സീരി എ’യിലേക്കാണ് മെസ്സി പോകാൻ ഒരുങ്ങുന്നത് എന്നാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന റൂമർ. ഈ റൂമറുകൾക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം..
എസ്റ്റെബാൻ എഡ്യൂളിന്റെ 2022 ലെ ഒരു പഴയ റിപ്പോർട്ടാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്. 2022 ലെ ഖത്തർ ലോകകപ്പിന് മുന്നോടിയായി പി.എസ്.ജി വിടാൻ മെസ്സി ആലോചിച്ചിരുന്നു എന്ന ഈ റിപ്പോർട്ടിനെയാണ് ഇപ്പോൾ വീണ്ടും ചിലർ പ്രചരിപ്പിക്കുന്നത്.
മെസ്സി ഇന്റർ മിയാമിയിൽ ചേർന്നത് 2023-ലാണ്, അദ്ദേഹത്തിന്റെ നിലവിലെ കരാർ 2025 വരെയാണ്. ഈ കരാർ 2026 വരെ നീട്ടാനുള്ള ഒരു ഓപ്ഷനും അതിലുണ്ട്. മെസ്സിയും ക്ലബ്ബും തമ്മിൽ വളരെ നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. മെസ്സി ഇന്റർ മിയാമിയിൽ സന്തോഷവാനാണെന്നും ക്ലബ്ബുമായി ദീർഘകാലം സഹകരിക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അഭ്യൂഹങ്ങൾക്ക് പിന്നാലെ, ഇന്റർ മിയാമി ഔദ്യോഗികമായി രംഗത്തെത്തി. ക്ലബ്ബ് ലോകകപ്പിലെ തോൽവിക്ക് പിന്നാലെ കിംവദന്തികൾ ശക്തമായപ്പോഴാണ് “മെസ്സി ക്ലബ്ബ് വിടില്ല” എന്ന് അവർ വ്യക്തമാക്കിയത്. ആരാധകർക്കിടയിലെ ആശങ്ക ഒഴിവാക്കാനും കിംവദന്തികൾക്ക് അറുതി വരുത്താനുമായിരുന്നു ഈ പ്രതികരണം.
ഇറ്റാലിയൻ ലീഗിലേക്ക് പോകുന്നു എന്ന തരത്തിലുള്ള റൂമറുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ, വിശ്വസനീയമായ ഒരു കായിക മാധ്യമവും ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. സാധാരണയായി ട്രാൻസ്ഫർ വിൻഡോകളിൽ ഇത്തരം കിംവദന്തികൾ ഉണ്ടാകാറുണ്ട്.