കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഘാനൻ യുവതാരം ക്വമെ പെപ്ര അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. കാരണം, ഈ വർഷം മെയ് മാസത്തോട് കൂടിയാണ് താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്സിൽ അവസാനിക്കുന്നത്. ഇതിനോടകം ബ്ലാസ്റ്റേഴ്‌സ് നൽകിയ പുതിയ കരാറിൽ താരം ഒപ്പ് വെച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പെപ്ര തുടരുമോ എന്ന ആശങ്ക ആരാധകരിൽ ജനിച്ചത്. എന്നാൽ പെപ്രയുടെ കരാറുമായി ബന്ധപ്പെട്ട് ചില അപ്‌ഡേറ്റുകൾ കൂടി ലഭിച്ചിരിക്കുകയാണ്. പരിശോധിക്കാം…
ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പ്, അതായത് കഴിഞ്ഞ ഡിസംബറിൽ ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കാനായി ചില താരങ്ങളെ സമീപിച്ചിരുന്നു. ഇതിൽ നവോച്ച സിങ്, കോറു സിങ് എന്നിവരുമായുള്ള കരാർ ചർച്ച വിജയിക്കുകയും ഇരുവരും ക്ലബ്ബിൽ പുതിയ കരാർ ഒപ്പിടുകയും ചെയ്തു. എന്നാൽ ഇക്കൂട്ടത്തിൽ പെപ്ര മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയ കരാർ ചർച്ചയോട് അനുകൂലമായി പ്രതികരിക്കാത്തത്.
അദ്ദേഹം എന്ത് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്ത പുതിയ കരാർ സ്വീകരിക്കാത്തത് എന്ന കാര്യം വ്യക്തമല്ല. ചിലപ്പോൾ കരാർ തുകയുമായി ബന്ധപ്പെട്ട കാര്യങ്ങളാവാം. അതല്ലെങ്കിൽ ടീമിലെ നിലവിലെ പ്ലെയിങ് ടൈമുമായി ബന്ധപ്പെട്ട കാര്യങ്ങളാവാം. ഇനി അതൊന്നുമല്ലെങ്കിൽ മറ്റു ചില കാര്യങ്ങളാവാം.
എന്നാൽ പെപ്ര കരാർ പുതുക്കാത്തതിനാൽ നിലവിൽ ബ്ലാസ്റ്റേഴ്സിന് ആശങ്കപ്പെടേണ്ടതില്ല. കാരണം മെയ് വരെ അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. ബ്ലാസ്റ്റേഴ്സിന് താരത്തെ നിലനിർത്താൻ ആഗ്രഹമുണ്ടെങ്കിൽ മെയ് മാസം വരെ താരവുമായി ചർച്ച ചെയ്ത് ബ്ലാസ്റ്റേഴ്സിന് പുതിയ കരാറിന്റെ കാര്യത്തിൽ തിരുമാനമുണ്ടാക്കാം.
ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച്, പെപ്രയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കരാർ ചർച്ചകൾ ഫെബ്രുവരിയിൽ മാത്രമേ നടക്കുകയുള്ളൂ. നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഇടപെടൽ നടത്തുന്ന ബ്ലാസ്റ്റേഴ്‌സ്, ട്രാൻസ്‌ഫർ വിൻഡോയിലെ ഇടപെടലുകൾക്ക് ശേഷം, അതായത് ഫെബ്രുവരി മുതൽ മാത്രമേ പെപ്രയുമായി പുതിയ കരാർ ചർച്ചകൾ നടത്തുകയുള്ളു..