അടുത്ത സീസണിലേക്കായി മികച്ച മുന്നൊരുക്കങ്ങളാണ് ചെന്നൈ സൂപ്പർ കിങ്‌സ് നടത്തുന്നത്. മലയാളി താരം സഞ്ജു സാംസൺ തന്നെയാണ് സിഎസ്കെയുടെ പ്രധാന ലക്ഷ്യം. താരത്തിനായി സിഎസ്കെ ശ്രമം നടത്തുന്നതായി പ്രമുഖ ക്രിക്കറ്റ് മാധ്യമമായ ക്രിക്ബസ് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അടുത്ത സീസണിലേക്കുള്ള മുന്നേറുക്കത്തിനിടെ സ്പോർട്സ് കീട തയാറാക്കിയ സിഎസ്കെയുടെ 2026 ലെ ഡ്രീം ഇലവനിൽ ന്യൂസിലാൻഡ് ഓൾറൗണ്ടർ മിച്ചൽ ബ്രേസ്വെല്ലും ഇടംപിടിച്ചിരിക്കുകയാണ്.
പരമ്പരാഗതമായി ഓൾറൗണ്ടർമാർക്ക് വലിയ പ്രാധാന്യം നൽകുന്ന ടീമാണ് സി.എസ്.കെ. രവീന്ദ്ര ജഡേജ, മോയിൻ അലി, ശിവം ദുബെ തുടങ്ങിയ താരങ്ങൾ ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇടംകൈയ്യൻ ബാറ്റ്സ്മാനും വലംകൈയ്യൻ ഓഫ്-സ്പിന്നറുമായ ബ്രേസ്വെൽ ടീമിന് കൂടുതൽ സന്തുലിതാവസ്ഥ നൽകുമെന്നത് ഒരു പ്രധാന ഘടകമാണ്.
മധ്യനിരയിൽ റൺസ് സ്കോർ ചെയ്യാനും, മധ്യ ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താനും കെൽപ്പുള്ളവനാണ് ബ്രെസ്വെൽ. ചെന്നൈയിലെ സ്പിൻ സൗഹൃദ പിച്ചുകളിൽ അദ്ദേഹത്തിന്റെ ഓഫ്-സ്പിൻ ബൗളിംഗ് വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. അതിനാൽ അടുത്ത ലേലത്തിൽ സിഎസ്കെയുടെ ലക്ഷ്യങ്ങളിൽ ഒരാളായിരിക്കും ഈ കീവി താരം.
ജഡേജയുടെ ഇടംകൈയ്യൻ സ്പിന്നിനൊപ്പം ബ്രേസ്വെല്ലിന്റെ ഓഫ്-സ്പിൻ കൂടി എത്തുന്നത് സി.എസ്.കെയുടെ സ്പിൻ ആക്രമണത്തിന് കൂടുതൽ വൈവിധ്യം നൽകും. ഇകൂടാതെ, ബാറ്റിംഗ് ഓർഡറിൽ വ്യത്യസ്ത റോളുകളിൽ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ടീമിന് ഫ്ലെക്സിബിലിറ്റി നൽകുന്നു.
ഭാവിയിലേക്ക് ടീമിനെ കെട്ടിപ്പടുക്കുമ്പോൾ, യുവത്വവും അന്താരാഷ്ട്ര പരിചയസമ്പത്തുമുള്ള കളിക്കാരെ ടീമിലെത്തിക്കുക എന്നത് പ്രധാനമാണ്. ആ നിലയിൽ, മിച്ചൽ ബ്രേസ്വെൽ സി.എസ്.കെയുടെ ‘ഡ്രീം ഇലവനി’ൽ ഉൾപ്പെട്ടത് തികച്ചും മികച്ച ഒരു തിരഞ്ഞെടുപ്പാണ്.