Brazil Football TeamFIFA World CupFootballSports

അവനാണ് ബ്രസീലിന്റെ യഥാർത്ഥ നായകൻ: സൂപ്പർ താരത്തെ കുറിച്ച് നെയ്മർ

ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണ്ണായക പോരാട്ടത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മത്സരത്തിന് പിന്നാലെ ബ്രസീൽ ടീമിന്റെ യഥാർത്ഥ നായകനെ വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ.

ALSO READ:

ബ്രസീലിന്റെ പുതിയ വിജയശില്പി വിനി ജൂനിയർ

Neymar Praises Vinicius Junior

റയൽ മാഡ്രിഡിന്റെ സൂപ്പർ വിങ്ങറായ വിനീഷ്യസ് ജൂനിയറാണ് നിലവിൽ ബ്രസീൽ ടീമിന്റെ യഥാർത്ഥ നായകനെന്നും ഒറ്റയ്ക്ക് മത്സരങ്ങൾ ജയിപ്പിക്കാൻ അവന് സാധിക്കുന്നുണ്ടെന്നുമാണ് നെയ്മർ വ്യക്തമാക്കിയത്.

സ്കോട്ട്‌ലൻഡിനെതിരെയുള്ള മത്സരത്തിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് വിനീഷ്യസ് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ റയാന്റെ അസിസ്റ്റിൽ നിന്നും ആദ്യ ഗോൾ നേടിയ വിനി, ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ബ്രൂണോ ഗുയ്മാരസിന്റെ മനോഹരമായ ഒരു ക്രോസ് ഹെഡ്ഡറിലൂടെ വലയിലാക്കി ബ്രസീലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.

പിന്നീട് അറുപതാം മിനിറ്റിൽ മാത്യൂസ് കുൻഹയാണ് ബ്രസീലിന്റെ മൂന്നാം ഗോൾ തികച്ചത്. ടൂർണമെന്റിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ വിനീഷ്യസ് തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും.

വികാരഭരിതനായി നെയ്മറുടെ മടങ്ങിവരവ്

നീണ്ട നാളത്തെ പരിക്കിന് ശേഷം ബ്രസീൽ ജേഴ്‌സിയിൽ തിരിച്ചെത്തിയ മുൻനിര താരം നെയ്മർ മത്സരത്തിന് മുൻപ് ഡ്രെസ്സിങ് റൂമിൽ വെച്ച് കരഞ്ഞ കാര്യം അഭിമുഖത്തിൽ വെളിപ്പെടുത്തി. 2023 ഒക്ടോബറിന് ശേഷം ആദ്യമായാണ് നെയ്മർ ബ്രസീലിനായി വീണ്ടും കളത്തിലിറങ്ങുന്നത്.

തന്റെ രാജ്യത്തെ വീണ്ടും സഹായിക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നുവെന്നും താൻ അത്രയധികം സന്തോഷവാനാണെന്നും നെയ്മർ കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ എഴുപത്തിയാറാം മിനിറ്റിൽ മാത്യൂസ് കുൻഹയ്ക്ക് പകരക്കാരനായാണ് നെയ്മർ മൈതാനത്തെത്തിയത്. കളിച്ച കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരു ഷോട്ട് ഓൺ ടാർഗറ്റും മൂന്ന് കീ പാസുകളും നൽകാൻ താരത്തിന് കഴിഞ്ഞു.

നോക്കൗട്ടിലേക്ക് കാനറികൾ

ആദ്യ മത്സരത്തിൽ മൊറോക്കോയോട് അപ്രതീക്ഷിത സമനില വഴങ്ങിയ ബ്രസീൽ പിന്നീട് ഹെയ്തിയോടും സ്കോട്ലാന്റിനോടും മികച്ച വിജയം കൊയ്താണ് ഇപ്പോൾ പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്.

വിനീഷ്യസിന്റെ മിന്നും ഫോമും കുൻഹയുടെ ആക്രമണ മികവും നെയ്മറിന്റെ തിരിച്ചുവരവും കോച്ച് കാർലോ ആൻസലോട്ടിക്കും സംഘത്തിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

വരാനിരിക്കുന്ന മത്സരങ്ങളിലും പൂർണ്ണ ഫിറ്റ്നസ് നിലനിർത്തി ബ്രസീലിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയാണ് നെയ്മർ കളം വിട്ടത്.

English Summary: Following Brazil’s 3-0 World Cup victory against Scotland, Neymar praises Vinicius Junior as the team’s defining leader. Neymar, who made an emotional return to the pitch after a long-term injury layout, lauded the Real Madrid winger for scoring a brace and single-handedly deciding crucial matches for the Selecao.