മുൻ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്‌സി (Hyderabad FC) ഇനി ‘സ്‌പോർട്ടിങ് ക്ലബ് ഡൽഹി’ എന്ന പേരിൽ അറിയപ്പെടും.ടീം ഡൽഹിയിലേക്ക് തട്ടകം മാറ്റുകയും സ്‌പോർട്ടിങ് ക്ലബ് ഡൽഹി’ (Sporting Club Delhi) എന്ന പേര് സ്വീകരിക്കുകയും ചെയ്ത് റീബ്രാൻഡിങ് ചെയ്തിരിക്കുകയാണ്.
കിരീടം ചൂടിയ പാരമ്പര്യമുണ്ടായിട്ടും ഹൈദരാബാദ് എഫ്‌സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതാണ് ഈ സുപ്രധാന മാറ്റത്തിന് പിന്നിൽ. സാമ്പത്തിക വെല്ലുവിളികളെത്തുടർന്ന് ക്ലബ്ബിനെ പുതിയ നിക്ഷേപകർ ഏറ്റെടുത്തു.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് പുതിയ നിക്ഷേപകരായത്. ഇതേത്തുടർന്നാണ് ക്ലബ്ബിന്റെ ആസ്ഥാനം ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനമായത്.
ക്ലബ്ബിന്റെ ഈ പുതിയ ഐഡന്റിറ്റി സംബന്ധിച്ചുള്ള വിവരങ്ങൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ (AIFF) സ്‌പോർട്ടിങ് ക്ലബ് ഡൽഹി ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
പുതിയ പേരിലും തട്ടകത്തിലും ക്ലബ്ബിന്റെ ആദ്യത്തെ പ്രധാന ടൂർണമെന്റ് വരാനിരിക്കുന്ന സൂപ്പർ കപ്പ് (Super Cup) ആയിരിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) അടങ്ങുന്ന ഗ്രൂപ്പ് ഡി (Group D) യിലാണ് ക്ലബ് മത്സരിക്കുന്നത്.
നേരത്തെ ഡൽഹിയിൽ കളിച്ച ക്ലബായിരുന്നു ഡൽഹി ഡയനാമോസ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ ക്ലബ് ഒഡീഷയിലേക്ക് മാറുകയും ഒഡീഷ എഫ്സി എന്ന് റീബ്രാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ തലസ്ഥാന നഗരിക്ക് ഒരു ഐഎസ്എൽ ക്ലബ് ഇല്ലാതാവുകയും ചെയ്തിരുന്നു. സ്‌പോർട്ടിങ് ക്ലബ് ഡൽഹി എത്തുന്നതോടെ ഡൽഹിയ്ക്ക് വീണ്ടും ഒരു ഐഎസ്എൽ ക്ലബ് ലഭിക്കും.
