കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകന് പിന്നാലെയാണ്. മൈക്കേൽ സ്റ്റാറേ ക്ലബ് വിട്ടതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിന് ഇത് വരെ ഒരു പരിശീലകനായിട്ടില്ല. അടുത്ത സീസൺ മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ഒരു സൂപ്പർ പരിശീലകനെ തട്ടകത്തിലെത്തിക്കാനാണ് നീക്കങ്ങൾ നടത്തുന്നത്. ലഭ്യമാകുന്ന റിപോർട്ടുകൾ അനുസരിച്ച് സൂപ്പർ കപ്പിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകന്റെ നിയമനം പ്രഖ്യാപിക്കുമെന്നാണ്.
സൂപ്പർ കപ്പിന് മുന്നോടിയായി പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെങ്കിലും അടുത്ത സീസണിലെ ഡ്യൂറൻഡ് കപ്പോട് കൂടിയായിരിക്കും പുതിയ പരിശീലകൻ ചുമതലയേൽക്കുക. പുതിയ പരിശീലകന്റെ പേരായി ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത് ഇറ്റാലിയൻ പരിശീലകനായ ജിനോ ലെറ്റെറിയുടെ പേരാണ്.ലെറ്റെറിയുടെ പേര് സജീവമാണ്. അദ്ദേഹം പരിശീലകനായി എത്തുകയാണ് എങ്കിൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ മുതൽകൂട്ടാവുമെന്ന് ഉറപ്പാണ്. കാരണം മികച്ച കരിയർ റെക്കോർഡുള്ള പരിശീലകനാണ് ജിനോ.
ഇറ്റാലിയൻ പരിശീലകനാണ് എങ്കിലും അദ്ദേഹം ഒരൊറ്റ ഇറ്റാലിയൻ ക്ലബിനെ അദ്ദേഹം പരിശീലിപ്പിച്ചിട്ടില്ല. ജർമ്മനിയായിരുന്നു അദ്ദേഹത്തിൻറെ പ്രധാന തട്ടകം. 20 ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 21 ആം നൂറ്റാണ്ടിന്റെ ആരംഭത്തിലും ജർമനിയിൽ അത്യാവശ്യം ഡിമാന്റുള്ള പരിശീലകനായിരുന്നു അദ്ദേഹം. 20 വർഷക്കാലം വിവിധ ജർമൻ ക്ലബ്ബുകൾ പരിശീലിപ്പിച്ച അദ്ദേഹം 2017 ലാണ് ആദ്യമായി ജർമനിക്ക് പുറത്ത് പോയി ഒരു പോളിഷ് ക്ലബ്ബിനെ പരിശീലിപ്പിക്കുന്നത്.
തുടർന്ന് ലിത്വാനിയൻ ക്ലബ്ബിനെ പരിശീലിപ്പിച്ച അദ്ദേഹം 2024 ലാണ് ആദ്യമായി ഒരു ഏഷ്യൻ ക്ലബ്ബിനെ പരിശീലിപ്പിക്കുന്നത്. തായ് ക്ലബിനെയാണ് നിലവിൽ അദ്ദേഹം പരിശീലിപ്പിക്കുന്നത്. അവിടെ നിന്നാണ് അദ്ദേഹത്തെ കൊണ്ട് വരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.
ബയേൺ- ബൊറൂസിയ ക്ലബ്ബുകളുടെ ആധിപത്യമുള്ള ജർമനിയിൽ അദ്ദേഹത്തിന് ഒരു കിരീടം നേടാനായില്ല എങ്കിലും അദ്ദേഹം പരിശീലിപ്പിച്ച ടീമുകളിൽ പലതിനെയും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട്. 2023 ൽ ലിത്വാനിയൻ ക്ലബ് എഫ്കെ പനവെയ്സിനെ പരിശീലിപ്പിച്ച അദ്ദേഹം ക്ലബിന് ആദ്യ കിരീടം നേടിക്കൊടുത്തു. ക്ലബ്ബിന്റെയും അദ്ദേഹത്തിന്റെയും ആദ്യ കിരീടമായിരുന്നു അത്.