അപ്രതീക്ഷിതവും എന്നാൽ ആവേശകരവുമായ ഒരു തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ബ്രസീലിയൻ ഫുട്ബോൾ ലോകം. പ്രതിരോധ മതിലായ തിയാഗോ സിൽവ, മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്രസീലിയൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന സൂചനകൾ ഇപ്പോൾ പുറത്ത് വരികയാണ്.
ക്ലബ് ലോകകപ്പിൽ അടക്കം ബ്രസീലിയൻ ക്ലബായ ഫ്ലുമിനെൻസിക്ക് വേണ്ടി തിയാഗോ സിൽവ കാഴ്ചവെച്ച മിന്നുന്ന പ്രകടനമാണ് ഈ തിരിച്ചുവരവിന് വഴിയൊരുക്കുന്ന സാധ്യതകൾ ജനിപ്പിക്കുന്നത്. തന്റെ പ്രായത്തെ വെല്ലുവിളിച്ച്, പ്രതിരോധത്തിൽ അദ്ദേഹം കാണിക്കുന്ന മികവും, ടീമിനെ നയിക്കാനുള്ള കഴിവും സെലക്ടർമാരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.
2022 ലോകകപ്പിന് ശേഷം ദേശീയ ടീമിൽ നിന്ന് വിട്ടുനിന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ്, ടീമിന്റെ പ്രതിരോധനിരയ്ക്ക് പുതിയ കരുത്ത് നൽകുമെന്ന കാര്യത്തിൽ സംശയമില്ല.സമ്മർദ്ദ നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വഗുണവും ശാന്തതയും ബ്രസീലിന് മുതൽക്കൂട്ടാകും. കൂടാതെ, പ്രധാന ടൂർണമെന്റുകളിൽ കളിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് നിർണായകമായേക്കും.
തന്റെ കായികക്ഷമതയും ഫുട്ബോൾ ബുദ്ധിയും ഇപ്പോഴും ഉന്നത നിലവാരത്തിലാണെന്ന് തെളിയിച്ച സിൽവ ആഞ്ചലോട്ടിയുടെ ലിസ്റ്റിലും ഇടം പിടിച്ചിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ.
ബ്രസീലിന്റെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരം ബ്രസീലിയൻ ടീമിൽ തിരിച്ചെത്തുമെന്നാണ് അന്താരാഷ്ട്ര ഫുട്ബോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.