വലിയ താരങ്ങളാവുമെന്ന് കരുതിയവരിൽ പലരും പിന്നീട് കരിയറിൽ ഒന്നുമല്ലാതായി തീരുന്നത് നമ്മൾ കണ്ടതാണ്. അത്തരത്തിലൊരു ഒരു താരമുണ്ട് ഇന്ത്യൻ ഫുട്ബാളിൽ. 2019- 20 സീസണിൽ ഐഎസ്എല്ലിലെ എമേർജിങ് താരത്തിനുള്ള അവാർഡ് ലഭിക്കുകയും കേരളാ ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകൾ സ്വന്തമാക്കാൻ ശ്രമിച്ചതുമായ ഒരു താരം ഇന്ന് കേവലം ഒരു സ്റ്റേറ്റ് ലീഗിലേക്ക് ഒതുങ്ങിരിക്കുകയാണ്.
പറഞ്ഞ് വരുന്നത് സുമിത് രതിയെ കുറിച്ചാണ്. 2018 ൽ എടികെയുടെ ബി ടീമിലൂടെ വളർന്ന വന്ന താരം 2019-20 സീസണിൽ എടികെയ്ക്കായി 14 മത്സരങ്ങൾ കളിച്ച് സീസണിലെ എമേർജിങ് താരമായി തിരഞ്ഞെടുക്കയും ചെയ്തു. 2020 ൽ എടികെ മോഹൻ ബഗനായി മാറിയപ്പോൾ രതി അവർക്കൊപ്പം അഞ്ച് വർഷത്തെ കരാറും ഒപ്പ് വെച്ചു.
എന്നാൽ രതിയുടെ ആ തീരുമാനം കരിയറിലെ ഏറ്റവും മോശം തിരുമാനങ്ങളിൽ ഒന്നായി മാറി. 2019-20 സീസണിൽ 14 മത്സരങ്ങൾ കളിച്ച താരം പിന്നീട് സൈഡ് ബെഞ്ചിൽ ഒതുങ്ങി. അഞ്ച് വർഷക്കാലയളവിൽ മോഹൻ ബഗാൻ സീനിയർ ടീമിനായി താരം കളിച്ചത് ആകെ 12 മത്സരങ്ങൾ മാത്രം.
ഇതിനിടയിൽ കേരളാ ബ്ലാസ്റ്റേഴ്സും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ബഗാൻ വിട്ട് കൊടുത്തില്ല. ഒടുവിൽ ഈ വർഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലേക്ക് താരം കൂടുമാറിയെങ്കിലും അവസരം ലഭിച്ചില്ല.
ഇപ്പോഴിതാ, സൂപ്പർ ലീഗ് കേരളാ ക്ലബ് തൃശൂർ മാജിക് എഫ്സി താരത്തെ സ്വന്തമാക്കിയിരിക്കുകയാണ്. വലിയ കൊട്ടിയാഘോഷങ്ങളോടെ നടക്കുന്ന ലീഗാണ് സൂപ്പർ ലീഗ് കേരളയെങ്കിലും ഒരു സ്റ്റേറ്റ് ലീഗിലേക്ക് രതിയെ പോലുള്ള ഒരു ടാലന്റ് ചുരുങ്ങിപ്പോയത് ഏറെ നിരാശയാണ്.
