ഓസ്ട്രലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആരാധകരെ ഒന്നടക്കം ഞെട്ടിച്ച തീരുമാനമായിരുന്നു ഏകദിനത്തിൽ നിന്നും രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്ന് മാറ്റി പകരം ശുഭ്മാൻ ഗില്ലിനെ പുതിയ നായകനാക്കിയ ബിസിസിഐ തീരുമാനം. വളരെ കുറഞ്ഞ കാലത്തിനുള്ളിൽ ഇന്ത്യയ്ക്കായി രണ്ട് ഐസിസി കിരീടങ്ങൾ നേടിക്കൊടുത്ത രോഹിതിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയ ബിസിസിഐ തീരുമാനത്തിനെതിരെ മുഹമ്മദ് കൈഫ് അടക്കമുള്ള മുൻ താരങ്ങളും രംഗത്ത് വന്നിരുന്നു.
എന്നാൽ രോഹിതിനെ നായക സ്ഥാനത്ത് നിന്ന് മാറ്റിയത് കൃത്യമായ തിരക്കഥ ഒരുക്കിയാണെന്നും അദ്ദേഹത്തിൻറെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഇതിന് കൂട്ട്നിന്നെന്നുമുള്ള ഒരു ഫാൻ തിയറി കൂടി ഇപ്പോൾ സജീവമാണ്.
2024 ഐപിഎൽ ട്രേഡിൽ ഹർദിക് പാണ്ട്യയെ ഗുജറാത്ത് ടൈറ്റൻസിൽ നിന്നും മുംബൈ ഇന്ത്യൻസ് റാഞ്ചിയതോടെയാണ് തിരക്കഥയുടെ തുടക്കം. ശുഭ്മാൻ ഗില്ലിനെ ഗുജറാത്ത് ടൈറ്റൻസിന്റെ നായക സ്ഥാനത്തേക്ക് കൊണ്ട് വരാനാണ് ഈ നീക്കം നടന്നത് എന്നാണ് ചില ആരാധകർ അഭിപ്രായപ്പെടുന്നത്.
തീർന്നില്ല, ഗില്ലിനെ നായക സ്ഥാനത്തേക്ക് കൊണ്ട് വന്നപ്പോൾ മറുഭാഗത്ത് രോഹിത് ശർമയെ നായക സ്ഥാനത്ത് പുകച്ച് ചാടിക്കാനും നീക്കം നടന്നു. ഹർദിക് മുംബൈയിലെത്തിയപ്പോൾ മുംബൈ ഇന്ത്യൻസ് രോഹിതിനെ നായക സ്ഥാനത്ത് നിന്ന് മാറ്റി പകരം ഹർദിക്കിന് നായക സ്ഥാനം നൽകി. രോഹിതിനെ നായക സ്ഥാനത്ത് നിന്നും അപ്രസക്തനാക്കാനുള്ള ആദ്യ നീക്കമാണ് ഇതെന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്.
രോഹിതിനെ ഐപിഎൽ നായക സ്ഥാനത്ത് നിന്ന് മാറ്റി പതിയെ രോഹിതിന്റെ നായക സ്ഥാനത്തിന്റെ പ്രസ്കതി കുറയ്ക്കാനുള്ള നീക്കമായിരുന്നു ഇത്. ഇന്ത്യയ്ക്കായി ടി20 കിരീടം നേടിയിട്ടും ചാമ്പ്യൻസ് ട്രോഫി നേടിയിട്ടും രോഹിതിന് ഒരു അവസരം പോലും കൊടുക്കാതെ ഇന്ത്യൻ ഏകദിന ടീമിന്റെ നായക സ്ഥാനത്തിൽ നിന്ന് മാറ്റിയതോടെ 2024 ആരംഭിച്ച തിരക്കഥ പൂർത്തിയായി.
content: rohit sharma odi captaincy change – real reason
