ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബിസിസിഐ മുംബൈയില്‍ അവലോകന യോഗം ചേര്‍ന്നിരിന്നു. ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. രോഹിതിന്റെ നായകസ്ഥാനം തന്നെയായായിരുന്നു പ്രധാന ചർച്ച വിഷയം.
പുതിയ ക്യാപ്റ്റനെ സെലക്ടര്‍മാര്‍ കണ്ടെത്തുന്നത് വരെ ആ റോളില്‍ തുടരാന്‍ രോഹിത് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. അതായത് ചാമ്പ്യൻസ് ട്രോഫി വരെ രോഹിത് തുടരുമെന്നും അതിന് ശേഷം പുതിയ സ്ഥിരം നായകനെ ഇന്ത്യ കണ്ടെത്തുകയും രോഹിത് നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയും ചെയ്യും. ചില വെബ്സൈറ്റുകൾ പങ്ക് വെയ്ക്കുന്ന റിപോർട്ടുകൾ അനുസരിച്ച് അഞ്ച് താരങ്ങളെയാണ് ബിസിസിഐ ഇന്ത്യയുടെ അടുത്ത സ്ഥിരം നായകനാക്കാൻ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ആ അഞ്ച് താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം.
ജസ്പ്രീത് ബുംറ
നിലവിൽ ടെസ്റ്റ് ടീമിന്റെ ഉപനായകനായ ബുമ്ര ടീമിലെ സീനിയർ താരങ്ങളിൽ ഒരാളാണ്. ബോർഡർ- ഗാവസ്‌കർ ട്രോഫിയിൽ രോഹിതിന്റെ അഭാവത്തിൽ ടീമിനെ മികച്ചരീതിയിൽ ബുംറ നയിക്കുകയും ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ ഫിറ്റ്നസ് ബിസിസിഐയ്ക്ക് മുന്നിൽ ചോദ്യചിഹ്നമാണ്. സ്ഥിരം നായകനെ കണ്ടെത്തുമ്പോൾ അദ്ദേഹത്തിൻറെ കായിക ക്ഷമതയും ബിസിസിഐയ്ക്ക് മുന്നിൽ പ്രധാന വെല്ലുവിളിയാണ്.
ശുഭ്മാൻ ഗിൽ
ഗംഭീർ അടുത്ത നായകനാക്കി വളർത്തിയെടുക്കാൻ ശ്രമിച്ച താരമാണ് ഗിൽ. ബിസിസിഐയ്ക്കും ഗില്ലിനെ നായകനാക്കാൻ താൽപര്യമുണ്ട്. എന്നാൽ സമീപ കാലത്തെ മോശം പ്രകടനം അദ്ദേഹത്തിന് വെല്ലുവിളിയാണ്.
ഋഷഭ് പന്ത്
ബിസിസിഐയ്ക്ക് നായകനാക്കാൻ അർദ്ധ സമ്മതമുള്ള താരമാണ് പന്ത്. എന്നാൽ ഗംഭീർ പന്തിനെ അനുകൂലിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.
ഹർദിക് പാണ്ട്യ
നേരത്തെ രോഹിതിന് ശേഷം ഇന്ത്യൻ വൈറ്റ് ബോളിൽ നായകനാവുമെന്ന് കരുതിയ താരമാണ് ഹർദിക്. എന്നാൽ ഗംഭീറിന്റെ വരവിൽ ആ സ്വപ്‍നം പൂർണമായും പാണ്ട്യയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. നിലവിൽ ബിസിസിഐയുടെ ലിസ്റ്റിൽ ഉണ്ടെങ്കിലും വൈറ്റ് ബോളിന് മാത്രം ഒരു നായകനെ തിരഞ്ഞെടുക്കാൻ ബിസിസിഐ തീരുമാനിച്ചാൽ ഹാർദിക്കിന് സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഗംഭീറിന്റെ വിയോജിപ്പ് താരത്തിന് തടസ്സമാണ്.
യശ്വസി ജയ്‌സ്വാൾ
നിലവിൽ ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമുകളുടെ പ്രധാന താരമായ ജയ്‌സ്വാൾ വൈകാതെ ഏകദിനത്തിലും സ്ഥിര സാന്നിധ്യമാവും. അതിനാൽ 3 ഫോർമാറ്റിലേക്കും സ്ഥിര നായകനെ കണ്ടെത്തുമ്പോൾ ബിസിസിഐയ്ക്ക് മുന്നിലെ മറ്റൊരു പ്രധാന ഓപ്‌ഷനാണ് ജയ്‌സ്വാൾ. ഗംഭീറിന് താരത്തെ നായകനാക്കാൻ പ്രത്യേക താൽപര്യമുണ്ട്.