ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഓസിസ് ടീമിൽ അഴിച്ച് പണികൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. നായകൻ പാറ്റ് കമ്മിൻസ് അടക്കം ഇക്കാര്യത്തിൽ സൂചനകൾ നൽകിയിരുന്നു. പ്രധാനമായും 3 താരങ്ങളുടെ സ്ഥാനമാണ് ഭീഷണിയിലുള്ളത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയയുടെ ടോപ് ഓർഡർ പരാജയമായിരുന്നു. മാർനസ് ലാബുഷെയ്നും ഉസ്മാൻ ഖവാജയുമായിരുന്നു ഓസീസിനായി ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടിന്നിങ്സിലും ഖവാജ തുടക്കത്തിലേ പുറത്തായി. ലാബുഷെയ്നാവട്ടെ കൂടുതൽ പന്തുകൾ കളിച്ചെങ്കിലും ഇംപാക്ടുളള ഒരു ബാറ്റിങ് പ്രകടനം പോലും നടത്തിയില്ല. മൂന്നാമനായി ഇറങ്ങിയ ഗ്രീനിന്റെ അവസ്ഥയും ഇത് തന്നെയാണ്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കഴിഞ്ഞതോടെ ഇനി വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഓസ്ട്രേലിയയ്ക്ക് കളിക്കാനുളളത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-2027 സൈക്കിളിന്റെ ഭാഗമാണ് ഈ പരമ്പര. ഈ പരമ്പരയിൽ ടോപ് ഓർഡറിലെ ഈ 3 പേരോ മൂന്ന് പേരിൽ ആരെങ്കിലുമോ പുറത്താവാൻ സാധ്യതയുണ്ട്.
ഫൈനലിലെ ടോപ് ഓർഡറിന്റെ മോശം പ്രകടനത്തെകുറിച്ച് നായകൻ കമ്മിൻസും പ്രതികരണം നടത്തിയിരുന്നു. ആദ്യ ദിവസം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ഓസീസ് ടോപ് ഓർഡർ ബാറ്റർമാർക്ക് അതത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഫൈനലിൽ അവർക്ക് കുറച്ചുകൂടി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
“ടോപ് 3 ബാറ്റർമാരുടെ പ്രകടനം ഈ മത്സരത്തിൽ വളരെ നിർണായകമായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇനി രണ്ടാഴ്ച കൂടി സമയമുണ്ട്. അതിനാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വിശകലനം ചെയ്ത ശേഷം ടീമിൽ മാറ്റങ്ങൾ വരുത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.