ജനുവരിയിലെ ഇത് വരെയുള്ള മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് ഒരൽപം അനുകൂലമായിരുന്നു. ഈമാസത്തിൽ ടോപ് 4 ടീമുകളുമായി ബ്ലാസ്റ്റേഴ്സിന് മത്സരിക്കേണ്ടി വന്നിട്ടില്ല. പഞ്ചാബ്, ഒഡീഷ, നോർത്ത് ഈസ്റ്റ് തുടങ്ങീ മിഡ് ടേബിൾ ടീമുകളെയാണ് ജനുവരിയിൽ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. ഇനി ജനുവരിയിൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ നിലവിൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ താഴെയുള്ള ഈസ്റ്റ് ബംഗാളിനോടും ചെന്നൈയിൻ എഫ്സിയോടുമാണ്. എന്നാൽ ജനുവരിയിലെ ഫിക്സറുകൾ കഴിഞ്ഞ് ഫെബ്രുവരിയിലേക്ക് പ്രവേശിക്കുമ്പോഴാണ് യഥാർത്ഥ എതിരാളികൾ ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത്.

ഫെബ്രുവരിയിൽ ബ്ലാസ്റ്റേഴ്സിന് ആകെ രണ്ട് മത്സരങ്ങൾ മാത്രമാണുള്ളത്. എന്നാൽ ഈ രണ്ട് മത്സരങ്ങളും നിലവിൽ ടോപ് ത്രീയിൽ നിൽക്കുന്ന രണ്ട് ടീമുകളോടാണ്. ഫെബ്രുവരി 15ന് മോഹൻ ബഗാനോടും ഫെബ്രുവരി 22 ന് എഫ്സി ഗോവയോടുമാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം.

അതിനാൽ ബ്ലാസ്റ്റേഴ്‌സ് കരുത്ത് തെളിയിക്കേണ്ടത് ഫെബ്രുവരിയിലാണ്. നിലവിൽ ജനുവരിയിൽ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും വേണം അടുത്ത എതിരാളികളെ കരുതിയിരിക്കുകയും വേണം.

നിലവിൽ 17 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുള്ള ബ്ലാസ്റ്റേഴ്സിന് മുന്നിൽ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിൽക്കുന്നുണ്ട്. ഇനിയുള്ള 7 മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ ബ്ലാസ്റ്റേഴ്സിന് നേടേണ്ടതുണ്ട്. ചുരുങ്ങിയത് 15 പോയിന്റിൽ കൂടുതൽ നേടിയാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യത നിലനിർത്താനാവുകയുള്ളു.

ഈസ്റ്റ് ബംഗാൾ, ചെന്നൈയിൻ എഫ്സി. മോഹൻ ബഗാൻ, ഗോവ, ജംഷദ്പൂർ, മുംബൈ, ഹൈദരാബാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള എതിരാളികൾ. ഇതിൽ ഏറ്റവും ശക്തരെ നേരിടേണ്ടത് ഫെബ്രുവരിയിലും.