നിലവിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി കളിക്കുന്ന ഏക ക്ലബ് ഐപിഎല്ലിലെ റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവാണ്. എന്നാൽ ആർസിബിയ്ക്ക് പുറമെ കോഹ്ലി മറ്റൊരു ക്ലബ്ബിൽ കൂടി കളിക്കാനുള്ള സാദ്ധ്യതകൾ ഇപ്പോൾ വർധിച്ചിരിക്കുകയാണ്.
ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബിലേക്കാണ് കോഹ്ലി പോകാൻ സാധ്യതയുള്ളതെന്ന റിപോർട്ടുകൾ ദേശീയ മാധ്യമങ്ങൾ ഇപ്പോൾ പങ്ക് വെയ്ക്കുകയാണ്. സമീപ കാലത്തായി റെഡ് ബോൾ ക്രിക്കറ്റിൽ നിറം മങ്ങുന്ന കോഹ്ലി തന്റെ ബാറ്റിങ്ങിന് കരുത്ത് കൂട്ടാനാണ് കൗണ്ടി ക്രിക്കറ്റിലേക്ക് കൂടുമാറാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ താരങ്ങൾക്ക് മറ്റ് ലീഗുകളിൽ കളിയ്ക്കാൻ അനുവാദമുണ്ടോ എന്ന ചോദ്യം ഇതോടെ പലർക്കും ഉയരുമെങ്കിലും കൗണ്ടി ക്രിക്കറ്റ് കളിയ്ക്കാൻ ബിസിസിഐയുടെ നിയന്ത്രണമില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ ഇന്ത്യൻ താരങ്ങൾ കളിക്കുന്നതിനാണ് ബിസിസിഐ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇംഗ്ലണ്ടിലെ കൗണ്ടി ചാമ്പ്യൻഷിപ്പ് ഒരു ഫ്രാഞ്ചൈസി ലീഗല്ല.
ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, യുസ്വേന്ദ്ര ചഹല്‍, വെങ്കടേഷ് അയ്യര്‍, സായ് സുദര്‍ശന്‍ എന്നിവരെല്ലാം കൗണ്ടി ചാമ്പ്യൻഷിപ്പ് കളിച്ച ഇന്ത്യൻ താരങ്ങളാണ്.
ഏപ്രിൽ നാലിനാണ് ഈ വർഷത്തെ കൗണ്ടി ചാമ്പ്യൻഷിപ്പ് ആരംഭിക്കുക. സെപ്റ്റംബർ 27 വരെ ചാമ്പ്യൻസ്ഷിപ്പ് നീളും. അതിനാൽ ഐപിഎൽ കഴിഞ്ഞായിരിക്കും കോഹ്ലി ഇംഗ്ലണ്ടിലേക്ക് പറക്കുക.
https://twitter.com/ImTanujSingh/status/1877215260009959654