കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ആരാണെന്ന ചോദ്യം ആരാധകർക്കിടയിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നേരത്തെ പല പേരുകളും റൂമറുകളിൽ നിറഞ്ഞിരുന്നുവെങ്കിലും അതിൽ ഏറ്റവും സജീവമായ അഭ്യൂഹം ഒഡീഷ എഫ്സി പരിശീലകൻ സെർജിയോ ലോബരയുടേതാണ്. എന്നാൽ ലോബരയുടെ വരവ് കേവലം അഭ്യൂഹമായി മാത്രം തള്ളിക്കളയാനാവില്ല. കാരണം ലോബര വരുമെന്ന് ഉറപ്പിക്കാവുന്ന ചില സൂചനകൾ ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കയാണ്.
അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ ലോബരയും ബ്ലാസ്റ്റേഴ്സും തമ്മിൽ വെർബൽ അഗ്രിമെന്റിൽ എത്തിയോ എന്ന് സംശയിക്കപ്പെടേണ്ട ചില നീക്കങ്ങളാണ് ഇപ്പോൾ ട്രാൻസ്ഫർ വിൻഡോയിൽ നടന്ന് കൊണ്ടിരിക്കുന്നത്.
തന്റെ കീഴിൽ കളിച്ച് വളർന്ന താരങ്ങളെ പൂർണമായും ആശ്രയിക്കുന്ന പരിശീലകനാണ് ലോബര. കേരളാ ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒഡീഷ എഫ്സിയിൽ ലോണിൽ കളിക്കുന്ന മുംബൈ സിറ്റി താരമായ അമേ റാണാവാഡയുമായി പ്രീ- കോൺട്രാക്ടിൽ എത്തിയെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേ റാണാവാഡ ലോബരയുടെ പ്രധാന താരങ്ങളിൽ ഒരാളാണ്..തീർന്നില്ല, വേറെയുമുണ്ട് ഉദാഹരണങ്ങൾ.
ലോബരയുടെ കീഴിൽ കളിച്ച മറ്റൊരു താരമാണ് മുംബൈ സിറ്റിയുടെ ബിപിൻ സിങ്. ബിപിൻ സിംഗും നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള താരമാണ്. കൂടാതെ 2026 വരെ കരാറുള്ള മിലോസ് ഡ്രിങ്കിച്ചിനെ ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം ഐഎഫ്ടി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 2026 വരെ കരാറുള്ള താരത്തെ ബ്ലാസ്റ്റേഴ്‌സ് എന്തിനാണ് ഒഴിവാക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ബ്ലാസ്റ്റേഴ്സിന് മറ്റ് പദ്ധതികൾ ഉണ്ടെന്നത്.
ലോബരയുടെ പ്രധാന സെന്റർ ബാക്കാണ് മോർത്താദ ഫാൾ. ഫാളിനെ ടീമിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണോ മിലോസിനെ കൈവിടുന്നത് എന്ന ചോദ്യം പ്രസ്കതമാണ്. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പദ്ധതികളെല്ലാം ലോബരയുടെ പ്ലാനുകൾക്ക് അനുസരിച്ചാണ് നീങ്ങികൊണ്ടിരിക്കുന്നത്. അതിനാൽ ലോബര വരില്ലെന്ന കാര്യം പൂർണമായും തള്ളിക്കളയാനാവില്ല.