മുംബൈ ഇന്ത്യൻസിന്റെ പ്രതിസന്ധിക്ക് വിരാമമിട്ട് സ്റ്റാർ പേസർ ജസ്പ്രീത് ബുംറ മടങ്ങിയെത്തി. പരിക്കുമൂലം ഏറെക്കാലം കളിക്കളത്തിന് പുറത്തായിരുന്ന ബുമ്രയ്ക്ക് ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെ താരം മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേർന്നിരിക്കുകയാണ്. താരം ക്യാമ്പിൽ ചേർന്നതായി മുംബൈ ഇന്ത്യൻസ് തന്നെയാണ് അറിയിച്ചത്.
നാളെ മുംബൈ റോയൽ ചല്ലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കളിക്കുന്നുണ്ട്. ഈ മത്സരത്തിൽ ബുംറ കളിച്ചേക്കുമെന്നാണ് സൂചന. ഇമ്പാക്റ്റ് പ്ലയറായി താരം കളിക്കാനാണ് സാധ്യത.
ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയ്ക്കിടെയാണ് ബുമ്രയ്ക്ക് പരിക്കേൽക്കുന്നത്. ബിസിസിഐയുടെ സെന്‍റര്‍ ഓഫ് എക്സലൻസിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള കഠിനമായ ശ്രമത്തിലായിരുന്നു ബുമ്ര. ഗുജറാത്തിനെതിരായ അവസാന മത്സരത്തിലെ ടോസിന് മുമ്പ് ബുമ്ര വൈകാതെ മടങ്ങി വരുമെന്ന് നായകൻ ഹാര്‍ദിക് പാണ്ഡ്യ സൂചന നൽകിയിരുന്നു.
അതേ സമയം, നാല് മത്സരങ്ങളിൽ നിന്ന് ഒന്നിൽ മാത്രം ജയിക്കാനായ മുംബൈക്ക് ബുമ്രയുടെ തിരിച്ചുവരവ് ആത്മവിശ്വാസം നൽകും. മുംബൈയ്ക്ക് ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യം കൂടിയാണ്.
ബുമ്ര കൂടി എത്തുന്നതോടെ ബൗളിംഗ് നിരയിലെ ആശങ്കകൾക്ക് പരിഹാരമാകുമെന്നാണ് മുംബൈയുടെ കണക്കുകൂട്ടൽ. ബുംറ- ബോൾട്ട്- ചഹർ സഖ്യത്തിനായി കാത്തിരിക്കുന്ന ആരാധകർക്കും ബുമ്രയുടെ തിരിച്ച് വരവ് സന്തോഷം നൽകുന്നുണ്ട്.
