CricketCricket LeaguesIndian Premier LeagueSports

അന്ന് സഞ്ജുവിന് കിട്ടിയ എട്ടിന്റെ പണി ഇന്ന് ഗില്ലിന്; രണ്ടിലും ഒരേ വില്ലൻ

ഒരു ടീം മികച്ച രീതിയിൽ മുന്നേറുമ്പോൾ ആ ടീമിലെ പ്രധാന താരത്തെ നിർണായക മത്സരങ്ങളിൽ നഷ്ടമാവുക എന്നത് ആ ടീമിനും ടീമിനെ സ്നേഹിക്കുന്നവർക്കും വലിയ തിരിച്ചടിയാണ്. അത്തരത്തിൽ വലിയ തിരിച്ചടി കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന് ലഭിച്ചിരുന്നു. അതേ തിരിച്ചടി ഇത്തവണ കാത്തിരിക്കുന്നത് ശുഭ്മാൻ ഗില്ലിനെയാണ്.

2024 ലെ ഐപിഎൽ സീസണിൽ ലീഗ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേ ഓഫിന് യോഗ്യത നേടിയ ടീമാണ് രാജസ്ഥാൻ റോയൽസ്. അന്ന് റോയൽസിന്റെ പ്രധാന താരമായിരുന്നു ജോസ് ബട്ട്ലർ. എന്നാൽ ഇംഗ്ലണ്ടിന് ആ സമയത്ത് മത്സരമുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനായ ബട്ട്ലർക്ക് പ്ലേ ഓഫ് മത്സരങ്ങൾ കളിയ്ക്കാൻ സാധിച്ചിരുന്നില്ല.

ബട്ട്ലറുടെ അഭാവത്തിൽ മറ്റൊരു ഇംഗ്ലീഷ് താരമായ ടോം കോഹ്ലർ-കാഡ്മോറാണ് പ്ലേ ഓഫിൽ റോയൽസിന് വേണ്ടി കളിച്ചത്. എന്നാൽ ബട്ട്ലറുടെ പകരക്കാനായി എത്തിയ താരത്തിന് ബട്ട്ലരുടെ മികവിന്റെ ഏഴയലത്ത് പോലും എത്താൻ സാധിച്ചില്ല. ഇതോടെ റോയൽസ് പ്ലേ ഓഫിൽ നിന്നും പുറത്താവുകയും ചെയ്തു.

അന്ന് റോയൽസും സഞ്ജുവും നേരിട്ട സമാന അവസ്ഥയാണ് ഇനി ശുഭ്മാൻ ഗില്ലും ഗുജറാത്തും നേരിടാൻ പോവുന്നത്. ഇത്തവണ ഗുജറാത്ത് ഏതാണ്ട് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ പ്ലേ ഓഫിന് ജോസ് ബട്ട്ലർ ഉണ്ടാവില്ല. ഇംഗ്ലണ്ട്- വെസ്റ്റ് ഇൻഡീസ് പരമ്പര നടക്കുന്നതിനാൽ താരത്തിന് നാട്ടിലേക്ക് മടങ്ങേണ്ടതുണ്ട്. പ്ലേ ഓഫിനില്ലാത്ത ബട്ട്ലർക്ക് പകരം ലങ്കൻ താരം കുശാൽ മെൻഡിസിനെ ഗുജറാത്ത് ടീമിൽ എത്തിച്ചിട്ടുണ്ട്.

ഈ രണ്ട് സീസണുകളിലും സമാനമായ കാര്യമാണ് ടീമിന്റെ പ്രധാന ഘടകമായ ബട്ട്ലർക്ക് പ്ലേ ഓഫ് കളിയ്ക്കാൻ സാധിച്ചില്ല എന്നത്. രാജസ്ഥാനിൽ ബട്ട്ലറിന്റെ പകരക്കാരൻ നിറം മങ്ങിയപ്പോൾ ഗുജറാത്തിൽ താരത്തിന്റെ പകരക്കാരനായി മെൻഡിസിന് മികവ് പുലർത്താൻ സാധിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.