പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഒന്നാം സ്ഥാനം നിലനിർത്താനുള്ള സുവർണാവസരമാണ് ഇന്നലെ ഗുജറാത്ത് ടൈറ്റൻസ് കളഞ്ഞ് കുളിച്ചത്. ഇന്നലെ ലക്നൗ സൂപ്പർ ജയന്റ്സിനോട് 33 റൺസ് തോറ്റതോടെ ഗുജറാത്തിനിടെ ഒന്നാം സ്ഥാനം സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ഇന്ന് സൺറൈസസിനെതിരെ ആർസിബി ജയിച്ചാൽ ആർസിബി ഒന്നാം സ്ഥാനത്തേക്കെത്തും. എന്നാൽ തോൽവി വഴങ്ങി എന്നതിലുപരി ഗുജറാത്തിന്റെ ആശങ്കയിലാക്കുന്നത് സൂപ്പർ താരത്തിന്റെ മോശം പ്രകടനമാണ്.
ഒരുകാലത്ത് എതിർ ബാറ്റർമാരുടെ പേടിസ്വപ്നമായിരുന്ന അഫ്ഘാൻ താരം റാഷിദ് ഖാൻ ഇന്ന് സ്വന്തം ടീമിന് പേടി സ്വപ്നമായിരിക്കുകയാണ്. സീസണിലിത് വരെ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയാത്ത താരം ഇന്നലെയും കണക്കിന് തല്ല് വാങ്ങി. രണ്ടോവറിൽ 36 റൺസാണ് താരം വഴങ്ങിയത്.
ഇതിൽ മിച്ചൽ മാർഷിന്റെ വക താരത്തിന് നന്നായി തല്ല് കിട്ടി. മാർഷിനെതിരെ റാഷിദ് എറിഞ്ഞ തന്റെ ആദ്യ ഓവറിൽ മൂന്നു ഫോറും രണ്ടു സിക്സറും ഒരു സിംഗിളുമടക്കം 25 റണ്‍സാണ് റാഷിദ് വഴങ്ങിയത്.
ഈ സീസണിൽ ഗുജറാത്തിന്റെ എല്ലാ മത്സരങ്ങളിലും കളിച്ച താരം 9.38 ഇക്കോണമി റേറ്റില്‍ നേടിയത് എട്ട് വിക്കറ്റുകൾ മാത്രമാണ്. ഇത്തരത്തിൽ മോശം ഫോമിലുള്ള ഒരു താരത്തെ വെച്ച് ഗുജറാത്ത് നിർണയമായ പ്ലേ ഓഫ് മത്സരങ്ങൾ എങ്ങനെ കളിക്കാനാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.
ലോകോത്തര നിലവാരമുള്ള റാഷിദ് ഖാൻ ഐപിഎല്ലിൽ മാത്രമല്ല, അന്താരാഷ്ട്ര ക്രിക്കറ്റിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലും പഴയ ഫോമിന്റെ ഏഴയലത്തില്ല.
