CricketCricket LeaguesIndian Premier LeagueSports

സഞ്ജു സാംസൺ ടു മുംബൈ ഇന്ത്യൻസ്?

ചെന്നൈ, കൊൽക്കത്ത എന്നിവരെക്കൂടാതെ സഞ്ജുവിനെ ടീമിലെത്തിക്കാൻ സാധ്യതയുള്ള മൂന്നാമത്തെ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണെന്ന് അദ്ദേഹം പറയുന്നു.

രാജസ്ഥാൻ റോയൽസ് വിടാൻ സഞ്ജു സാംസൺ ആഗ്രഹം പ്രകടിപ്പിച്ചതോടെ താരത്തിന്റെ ഭാവി വലിയ ചർച്ചയായിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും സഞ്ജുവിനായി രംഗത്തുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയുടെ സർപ്രൈസ് പ്രവചനം. മുംബൈ ഇന്ത്യൻസും സഞ്ജുവിനായി രംഗത്തിറങ്ങാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇക്കാര്യം വിശദീകരിച്ചത്. ചെന്നൈ, കൊൽക്കത്ത എന്നിവരെക്കൂടാതെ സഞ്ജുവിനെ ടീമിലെത്തിക്കാൻ സാധ്യതയുള്ള മൂന്നാമത്തെ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസാണെന്ന് അദ്ദേഹം പറയുന്നു. വിദേശ താരമായ റയാൻ റിക്കൽട്ടണാണ് നിലവിൽ മുംബൈയുടെ വിക്കറ്റ് കീപ്പർ. വിക്കറ്റ് കീപ്പർ ഒരു ഇന്ത്യൻ താരമാണെങ്കിൽ ടീമുകൾക്ക് അതൊരു മികച്ച ആനുകൂല്യമാണ്.

റിക്കൽട്ടൺ മുംബൈ വിട്ടാൽ ആ സ്ഥാനത്തേക്ക് സഞ്ജുവിനെ കൊണ്ടുവരുന്നത് ടീം ഡൈനാമിക്‌സിനെ വലിയ രീതിയിൽ മെച്ചപ്പെടുത്തും. രോഹിത് ശർമ ഓപ്പണിങ് സ്ഥാനത്തുനിന്നും മാറുമ്പോൾ ആ വിടവ് നികത്താൻ സഞ്ജുവിന് കഴിയുമെന്നും അദ്ദേഹം പറയുന്നു.

സഞ്ജുവിനെപ്പോലൊരു മികച്ച താരത്തെ ടീമിലെത്തിക്കുന്നതിലൂടെ മുംബൈയുടെ ബാറ്റിങ് നിര കൂടുതൽ ശക്തമാകും. ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി മുംബൈ ക്യാപ്റ്റൻസി പ്രശ്നം പരിഹരിച്ചുകഴിഞ്ഞു. രോഹിത് വിരമിക്കുമ്പോൾ ഓപ്പണിങ് ദൗത്യം സഞ്ജുവിനെ ഏൽപ്പിക്കാനും സാധ്യതയുണ്ട്.

സഞ്ജുവിനെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ് ഏറ്റവും കൂടുതൽ സാധ്യതയെന്നും ചോപ്ര പറയുന്നു. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററുടെ അഭാവവും ക്യാപ്റ്റനെന്ന നിലയിലുള്ള സഞ്ജുവിന്റെ സാധ്യതകളുമാണ് ഇതിനു കാരണം. സഞ്ജുവിനെ ടീമിലെത്തിക്കാൻ വെങ്കടേഷ് അയ്യരെപ്പോലെയുള്ള താരത്തെ റിലീസ് ചെയ്യാനും കെകെആർ തയ്യാറായേക്കുമെന്നും ചോപ്ര കൂട്ടിച്ചേർത്തു.