ഭാവിയിലേക്ക് സുപ്രധാന കാൽവെപ്പ് നടത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ക്ലബ്ബിന്റെ ഫസ്റ്റ് ടീമിനും യൂത്ത് ടീമുകൾക്കും വേണ്ടിയുള്ള പരിശീലന കേന്ദ്രം പൂർത്തിയാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ഇതിന്റെ പ്രഖ്യാപനവും ക്ലബ് ഇന്ന് നടത്തി.
‘ദ സാങ്ച്വറി’ എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലന കളരിയുടെ പേര്. ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളുമായി സഹകരിച്ചാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. ടീമിൻ്റെ എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴിലാക്കുക, അതുവഴി സഹകരണവും മികച്ച പ്രകടനവും ഉറപ്പാക്കുക എന്നതാണ് ഈ കേന്ദ്രത്തിൻ്റെ പ്രധാന ലക്ഷ്യം.
ഒരു വർഷം നീണ്ട കഠിനാധ്വാനത്തിൻ്റെ ഫലമാണ് ‘ദ സാങ്ച്വറി’ പൂർത്തീകരിച്ചതെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു.സഹകരണം, നൂതനമായ പരിശീലന രീതികൾ, മികച്ച പ്രകടനം എന്നിവയെല്ലാം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പരിശീലന സൗകര്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദീർഘകാല പാട്ടത്തിനെടുത്ത ഈ കേന്ദ്രത്തിന്റെ പൂർണ്ണ നിയന്ത്രണം ഇനി ക്ലബ്ബിനാണ്. ഭാവിയിൽ കൂടുതൽ അത്യാധുനിക സൗകര്യങ്ങൾ ഇവിടെ എത്തിച്ചേക്കും.
“ഞങ്ങളുടെ ഹൃദയം ആഗ്രഹിച്ച ഒരിടം” എന്നാണ് ക്ലബ്ബ് ഈ പുതിയ സംരംഭത്തെ വിശേഷിപ്പിച്ചത്. ‘ദ സാങ്ച്വറി’ ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ മാതൃകയാകുമെന്നാണ് ഫുട്ബോൾ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
