കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആകാംഷയോടെ കാത്തിരുന്ന വിദേശ സൈനിംഗുകൾ വൈകുന്നതിന് കാരണം വെളിപ്പെടുത്തി ക്ലബ് സിഇഒ അഭിക് ചാറ്റർജി രംഗത്ത്. പുതിയ കളിക്കാരെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ എല്ലാ കാര്യങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. ഇതിനുള്ള കാരണളാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഐഎസ്എൽ അനിശ്ചിതത്വം മാത്രമല്ല, ഫിനാൻഷ്യൽ വിഷയങ്ങളിൽ വ്യക്തതയില്ലാത്തതുകൊണ്ടാണ് സൈനിംഗുകൾ നടക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ്എൽ സീസൺ ആരംഭിക്കാനായി പുതിയ ടെൻഡർ വിളിക്കേണ്ടതുണ്ടെന്നും, ഒരു കൊമേർഷ്യൽ പാർട്ണറെ കണ്ടെത്തേണ്ടതുണ്ടെന്നും അഭിക് ചാറ്റർജി പറയുന്നു. അതുപോലെ, ഒരു ബ്രോഡ്കാസ്റ്ററെയും അന്തിമമാക്കേണ്ടതുണ്ട്. ഈ കാര്യങ്ങളിൽ വ്യക്തത വരാതെ ഒരു ക്ലബ്ബിനും സാമ്പത്തിക കാര്യങ്ങൾ തീരുമാനിക്കാൻ കഴിയില്ല. ബ്രോഡ്കാസ്റ്റിംഗ് വരുമാനത്തെക്കുറിച്ചും പ്രവർത്തനച്ചെലവുകളെക്കുറിച്ചും അറിഞ്ഞാൽ മാത്രമേ ക്ലബ്ബുകൾക്ക് മുന്നോട്ട് പോകാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ലീഗ് ഫിനാൻഷ്യൽ ഘടനയെക്കുറിച്ച് കൊമേർഷ്യൽ പാർട്ണറുമായി ക്ലബ്ബുകൾക്ക് ഒരു ധാരണയിലെത്തേണ്ടതുണ്ട്. ഇത് നിലവിൽ ഇല്ലാത്തതുകൊണ്ടാണ് കാര്യങ്ങൾ വൈകുന്നത്. മറ്റ് ക്ലബ്ബുകളുടെ കാര്യത്തിൽ താൻ സംസാരിക്കുന്നില്ലെന്നും എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് സാമ്പത്തിക കാര്യങ്ങളിൽ വ്യക്തതയില്ലാതെ ഒരു കളിക്കാരനെയും സൈൻ ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ അവസ്ഥയിൽ ജനുവരി വരെ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നാണ് അഭിക് ചാറ്റർജി പറയുന്നത്. ഇത് ആരാധകർക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യമായിരിക്കാം, പക്ഷേ ഇതാണ് യാഥാർത്ഥ്യം. ധൃതിപ്പെട്ട് തീരുമാനങ്ങൾ എടുക്കാതെ, സാമ്പത്തികമായി സുരക്ഷിതമായ ഒരു നിലപാട് സ്വീകരിക്കാനാണ് ക്ലബ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിദേശ സൈനിംഗുകൾക്കായി കാത്തിരുന്ന ആരാധകർക്ക് ഈ വാർത്ത നിരാശ നൽകിയിട്ടുണ്ട്. എന്നാൽ ക്ലബ്ബിൻ്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സിഇഒയുടെ നീക്കത്തെ പലരും സ്വാഗതം ചെയ്യുന്നുണ്ട്.
