FootballIndian Super LeagueKBFCSports

ട്രാൻസ്ഫർ സ്ട്രാറ്റജിയിൽ വമ്പൻ മാറ്റവുമായി ബ്ലാസ്റ്റേഴ്‌സ്; ആ പിഴവ് ഇനി ആവർത്തിക്കില്ല

ഈ സീസണിൽ കാര്യങ്ങൾ മാറുന്നതിന്റെ ശക്തമായ സൂചനകളാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്. പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയുടെ തന്ത്രങ്ങൾക്കും ശൈലിക്കും അനുയോജ്യരായ വിദേശ കളിക്കാരെയാണ് ടീം ഇപ്പോൾ സ്വന്തമാക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ (KBFC) കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ സൈനിംഗ് രീതികൾ പരിശോധിച്ചാൽ, ഒരു നിർണായകമായ കാര്യം നമ്മുക്ക് മനസിലാക്കാനാവും. ടീം മാനേജ്‌മെന്റ് സ്വന്തമാക്കുന്ന കളിക്കാരെ ഉപയോഗിച്ച് തന്ത്രങ്ങൾ മെനയാൻ പരിശീലകർ നിർബന്ധിതരായിരുന്നു. തനിക്ക് ലഭിച്ച പരിമിതമായ താരങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് ഇവാൻ വുകമനോവിച്ച് വിജയം കണ്ടെങ്കിലും, തന്റെ കളി ശൈലിക്കിണങ്ങാത്ത താരങ്ങളെ ലഭിച്ച മൈക്കൽ സ്റ്റാറേയെ പോലുള്ള പരിശീലകർക്ക് കഴിഞ്ഞ സീസണിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. തൽഫലമായി, കഴിഞ്ഞ സീസൺ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയ നിരാശയായി മാറുകയും ചെയ്തു.

എന്നാൽ, ഈ സീസണിൽ കാര്യങ്ങൾ മാറുന്നതിന്റെ ശക്തമായ സൂചനകളാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്. പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയുടെ തന്ത്രങ്ങൾക്കും ശൈലിക്കും അനുയോജ്യരായ വിദേശ കളിക്കാരെയാണ് ടീം ഇപ്പോൾ സ്വന്തമാക്കുന്നത്. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് സ്പാനിഷ് മുന്നേറ്റനിര താരമായ കോൾഡോ ഒബിയെറ്റയുടെ സൈനിംഗ്.

കറ്റാലയുടെ കളി ശൈലി പരിശോധിക്കുമ്പോൾ, അദ്ദേഹത്തിൻറെ ശൈലിയ്ക്ക് അനുയോജ്യനായ താരമാണ് ഒബിയെറ്റ. കണക്കുകളിൽ ഒബിയേറ്റ മികച്ചവനല്ല എങ്കിലും കളി നിയന്ത്രിക്കുന്നതിൽ അദ്ദേഹം മികച്ചവനാണ്. പരിശീലകന്റെ തന്ത്രത്തിന് അനുയോജ്യനായ ഒബിയെറ്റയെ സ്വന്തമാക്കിയതിലൂടെ മാനേജ്‌മെന്റ് പുതിയ പരിശീലകന്റെ കാഴ്ചപ്പാടുകൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു എന്ന് വ്യക്തമാകുന്നു.

കൂടാതെ, ഡേവിഡ് കറ്റാല സ്പാനിഷ് പരിശീലകനും ഒബിയെറ്റ സ്പാനിഷ് താരവുമാണ് എന്നത് ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിലും കെമിസ്ട്രിയിലും വലിയ ഗുണം ചെയ്യും. ഇത് കളിക്കളത്തിൽ മികച്ച കൂട്ടായ്മകൾ രൂപപ്പെടുത്തുന്നതിനും പരിശീലകന്റെ തന്ത്രങ്ങൾ കൂടുതൽ വേഗത്തിൽ താരത്തിലേക്ക് എത്താനും സഹായകമാകും.

പരിശീലകന് വേണ്ട കളിക്കാരെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, ടീമിന്റെ പ്രകടനത്തിൽ അത് വലിയൊരു അഡ്വാന്റേജ് ആയി മാറുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

content: Kerala Blasters make a major change in transfer strategy