ഐഎസ്എൽ പുതിയ സീസണിനായുള്ള ഒരുക്കങ്ങൾക്കിടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം അമേ റാണാവാഡയുടെ കൂടുമാറ്റത്തിൽ ഔദ്യോഗിക സ്ഥിരീകരണം എത്തിയിരിക്കുകയാണ് (ISL). താരത്തിന്റെ വരവ് മോഹൻ ബഗാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചരിക്കുകയാണ്.
മൂന്ന് മാസത്തെ ഹ്രസ്വകാല ലോൺ കരാറിലാണ് താരം ബഗാനിലേക്ക് പോകുന്നത്. ഈ ലോൺ കാലാവധി പൂർത്തിയായാൽ താരം വീണ്ടും മഞ്ഞപ്പടയുടെ നിരയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഈ കൈമാറ്റം ബ്ലാസ്റ്റേഴ്സിന് സാമ്പത്തികമായി വലിയ ഗുണം ചെയ്തിരിക്കുകയാണ്.

80 ലക്ഷം രൂപയാണ് ഈ ഒരൊറ്റ ലോൺ ഡീലിലൂടെ ബ്ലാസ്റ്റേഴ്‌സ് ലാഭിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് മോഹൻ ബഗാനിൽ നിന്ന് നേരിട്ട് തുകയൊന്നും ലഭിക്കില്ലെങ്കിലും, താരത്തിന് നൽകേണ്ടിയിരുന്ന വലിയൊരു ബാധ്യത ഒഴിവാക്കാൻ ഈ ഡീലിലൂടെ സാധിച്ചു.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ അമേ റാണാവാഡയുടെ ഒരു സീസണിലെ പ്രതിഫലം 80 ലക്ഷം രൂപയായിരുന്നു. ലോൺ കരാർ പ്രകാരം താരം ഏത് ക്ലബ്ബിലാണോ കളിക്കുന്നത്, ആ ക്ലബ്ബ് വേണം താരത്തിന്റെ ശമ്പളം നൽകാൻ.
അതുകൊണ്ടുതന്നെ അമേയുടെ ഈ സീസണിലെ 80 ലക്ഷം രൂപ മോഹൻ ബഗാൻ ആണ് നൽകുക. ഇതോടെ താരത്തിന്റെ പ്രതിഫല ഇനത്തിൽ ബ്ലാസ്റ്റേഴ്‌സ് ചിലവാക്കേണ്ടിയിരുന്ന 80 ലക്ഷം രൂപ ക്ലബ്ബിന്റെ ഖജനാവിൽ തന്നെ ഇരിക്കും.
.
തന്റെ മുൻ പരിശീലകനായ സെർജിയോ ലോബരയ്ക്കൊപ്പം വീണ്ടും പ്രവർത്തിക്കാനുള്ള അമേയുടെ താല്പര്യവും ഈ ട്രാൻസ്ഫറിന് പിന്നിലുണ്ട്. ബ്ലാസ്റ്റേഴ്സുമായി ദീർഘകാല കരാർ നിലനിൽക്കെ തന്നെ ഇത്തരമൊരു ലോൺ ഡീലിന് ടീം അനുവാദം നൽകിയത് താരത്തിന്റെ താല്പര്യവും സാമ്പത്തിക ലാഭവും മുൻനിർത്തിയാണ്.
ALSO READ: ഗുരുവിനെ തേടി ശിഷ്യന്മാർ; ബ്ലാസ്റ്റേഴ്സിന് തലവേദനയായി മുൻ പരിശീലകൻ
content: ISL