FootballIndian Super LeagueKBFCSports

ഗോളടിച്ച് 3 പുതുമുഖങ്ങൾ; ബ്ലാസ്റ്റേഴ്‌സ് ഓൺ ഫയർ

ഐഎസ്എൽ 2025-26 സീസണിന്റെ ആവേശകരമായ തുടക്കത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കരുത്തുറ്റ പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ഗോകുലം കേരള എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി (kbfc vs gkfc). പുതിയ സൈനിംഗുകളും യുവതാരങ്ങളും ഗോളടിച്ച് തുടങ്ങിയത് ആരാധകർക്കും മാനേജ്‌മെന്റിനും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

ബ്ലാസ്റ്റേഴ്‌സിനായി പുതിയ താരങ്ങളായ റൗളിൻ ബോർജസ്, വിക്ടർ ബെർട്ടോമിയു എന്നിവരും റിസർവ് ടീമിൽ നിന്ന് സീനിയർ ടീമിലേക്ക് പ്രൊമോഷൻ ലഭിച്ചെത്തിയ മലയാളി താരം എബിൻ ദാസും വലകുലുക്കി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തിയിരുന്നു. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ മികവ് പുലർത്തിയ ബ്ലാസ്റ്റേഴ്‌സ്, ഗോകുലത്തിന്റെ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ചു.

kbfc vs gkfc

മധ്യനിരയിലെ കരുത്തനായ റൗളിൻ ബോർജസിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിന് അടിത്തറയിട്ടത്. പിന്നാലെ വിദേശ താരം വിക്ടർ ബെർട്ടോമിയുവും തന്റെ സാന്നിധ്യമറിയിച്ചു.

ടീമിലെ പുതിയ അംഗങ്ങൾ ഗോൾ കണ്ടെത്തിയത് വരാനിരിക്കുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വലിയ മുതൽക്കൂട്ടാകും.

ഇത് രണ്ടാം തവണയാണ് ഈ മാസത്തിൽ ഗോകുലം കേരളയെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തുന്നത്. ഫെബ്രുവരി നാലിന് നടന്ന ആദ്യ സൗഹൃദ മത്സരത്തിൽ അമേ റാണാവാഡയുടെ ഏക ഗോളിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.

ഡേവിഡ് കാറ്റാലയുടെ കീഴിൽ ടീം മികച്ച രീതിയിൽ സജ്ജമായിക്കഴിഞ്ഞു എന്നാണ് ഈ പ്രീ-സീസൺ മത്സരങ്ങൾ വിലയിരുത്തപ്പെടുന്നത്.

ഫെബ്രുവരി 14 ന് കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരം. സീസൺ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇത്തരമൊരു തകർപ്പൻ വിജയം നേടാനായത് മോഹൻ ബഗാനെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് മാനസികമായി മേൽക്കൈ നൽകും. ഐഎസ്എൽ കിരീടമെന്ന സ്വപ്നത്തിലേക്ക് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ കരുത്തോടെ പന്തുരുട്ടും എന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകർ.

ALSO READ: ഒരൊറ്റ ട്രാൻസ്ഫർ; ബ്ലാസ്റ്റേഴ്‌സ് ലാഭിച്ചത് 80 ലക്ഷം രൂപ

content: kbfc vs gkfc