ടി20 ലോകകപ്പ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്റെ വിജയരഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ താരം സഞ്ജു സാംസൺ (sanju samson). കരിയറിലെ നിർണ്ണായക ഘട്ടത്തിൽ തനിക്ക് വഴികാട്ടിയായത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണെന്നും അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങളാണ് തന്നെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്നും സഞ്ജു പറഞ്ഞു. ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സച്ചിനുമായി താൻ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് സഞ്ജു വെളിപ്പെടുത്തി. “ഓസ്‌ട്രേലിയയിൽ നടന്ന മത്സരങ്ങളിൽ കളിക്കാതെ പുറത്തിരിക്കേണ്ടി വന്നപ്പോൾ മാനസികമായി വലിയ പ്രയാസം അനുഭവിച്ചിരുന്നു. ആ സമയത്താണ് ഞാൻ സച്ചിൻ സാറിനെ സമീപിച്ചത്.
സ്വീകരിക്കേണ്ട മാനസികാവസ്ഥയെക്കുറിച്ചും കളിയിലെ വ്യക്തതയെക്കുറിച്ചും അദ്ദേഹം ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു. ഇന്നലെ പോലും ഞാൻ എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ അദ്ദേഹം എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള ഒരു ഇതിഹാസത്തിൽ നിന്ന് ഉപദേശങ്ങൾ ലഭിക്കുക എന്നത് വലിയ കാര്യമാണ്,” സഞ്ജു പറഞ്ഞു.
ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു, അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. 80.25 ശരാശരിയിൽ 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജു റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
199.38 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റോടെ വേഗത്തിൽ റൺസ് കണ്ടെത്തുന്നവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് താരം. മൂന്ന് അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെയുള്ള സഞ്ജുവിന്റെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ പല നിർണ്ണായക ഘട്ടങ്ങളിലും തുണച്ചത്.
ഈ നേട്ടം ഒരു മായക്കാഴ്ച പോലെ തോന്നുന്നുവെന്നും ദൈവത്തിന് തന്നോട് മറ്റ് പദ്ധതികൾ ഉണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ കരിയറിലെ കഠിനാധ്വാനത്തെക്കുറിച്ചും സഞ്ജു മനസ്സുതുറന്നു. “2024ൽ വെസ്റ്റ് ഇൻഡീസിൽ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്നെങ്കിലും എനിക്ക് ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഞാൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു.
ന്യൂസീലൻഡ് പരമ്പരയ്ക്ക് ശേഷം ഞാൻ ആകെ തകർന്നുപോയി, എന്റെ സ്വപ്നങ്ങൾ അവസാനിച്ചുവെന്ന് കരുതി.
എന്നാൽ നിർണ്ണായക മത്സരങ്ങളിൽ എനിക്ക് തിരിച്ചുവരാൻ സാധിച്ചു. രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.
സ്വപ്നം കാണാനുള്ള ധൈര്യം കാണിച്ചതിൽ ഇന്ന് എനിക്ക് വലിയ സന്തോഷമുണ്ട്,” വികാരാധീനനായി സഞ്ജു പറഞ്ഞു.
സച്ചിൻ തെൻഡുൽക്കറെ കൂടാതെ മറ്റ് മുൻ മുതിർന്ന താരങ്ങളും തന്നെ പിന്തുണച്ചതായും എല്ലാവരോടും നന്ദിയുണ്ടെന്നും സഞ്ജു വ്യക്തമാക്കി.
ALSO READ: സഞ്ജു സാംസൺ ‘അണ്ടർറേറ്റഡ്’ പോരാളി; വാനോളം പുകഴ്ത്തി ഓസിസ് ഇതിഹാസം
content: sanju samson