FootballIndian Super LeagueKBFCSports

ശുദ്ധികലശം; ബ്ലാസ്റ്റേഴ്സിൽ വമ്പൻ പുറത്താക്കൽ: ഇനി നന്നായേക്കും

കേരളാ ബ്ലാസ്റ്റേഴ്സിൽ സമീപകാലത്തായി താരങ്ങളുടെ പുറത്താവലാണ് ആരാധകർ കാണുന്നത്. എന്നാലിപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സിഇഒ തന്നെ തെറിച്ചേക്കുമെന്ന റിപോർട്ടുകൾ പുറത്ത് വരികയാണ് (Kerala Blasters).

വരാനിരിക്കുന്ന സീസണിൽ ടീമിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) മന്ദർ തമാനെയെ നിയമിക്കാൻ മാനേജ്‌മെന്റ് ചർച്ചകൾ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആരാണ് മന്ദർ തമാനെ

Kerala Blasters
മന്ദർ തമാനെ

നിലവിലെ സിഇഒ അഭിക്കിന് പകരക്കാരനായാണ് ഇന്ത്യൻ ഫുട്ബോൾ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള മന്ദറിനെ കൊണ്ടുവരുന്നത്.

സീസൺ അവസാനിക്കുന്നതോടെ ടീമിൽ വലിയ രീതിയിലുള്ള പുനഃസംഘടന നടത്താനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് മന്ദർ തമാനെ.

നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിഇഒ ആയി പ്രവർത്തിക്കുന്ന അദ്ദേഹം ക്ലബ്ബിനെ ഡ്യൂറന്റ് കപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

ബംഗളൂരു എഫ്സിയിൽ ദീർഘകാലം പ്രവർത്തിച്ച മന്ദറിന് ക്ലബ്ബുകളെ പ്രൊഫഷണൽ രീതിയിൽ വളർത്തിയെടുക്കുന്നതിൽ പ്രത്യേക വൈഭവമുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ആഷ്ലി വെസ്റ്റ്‌വുഡുമായി മുൻപ് ബംഗളൂരു എഫ്സിയിൽ ഒരുമിച്ച് പ്രവർത്തിച്ച പരിചയവും മന്ദറിനുണ്ട്. ഈ ആത്മബന്ധം ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റ് വിശ്വസിക്കുന്നത്.

കളിക്കാരെ കണ്ടെത്തുന്നതിലും (സ്കൗട്ടിംഗ്) അക്കാദമികൾ ശാക്തീകരിക്കുന്നതിലും മന്ദർ തമാനെ പുലർത്തുന്ന മികവാണ് ബ്ലാസ്റ്റേഴ്സിനെ അദ്ദേഹത്തിലേക്ക് ആകർഷിക്കുന്നത്.

താഴെത്തട്ടിൽ നിന്ന് പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും ക്ലബ്ബിന്റെ സാങ്കേതിക വശങ്ങൾ മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം മികച്ച ട്രാക്ക് റെക്കോർഡ് കാഴ്ചവെച്ചിട്ടുണ്ട്.

അടുത്ത സീസണിൽ കിരീടം ലക്ഷ്യമിട്ടുള്ള ഒരു ടീമിനെ വാർത്തെടുക്കാൻ ഇത്തരം ഒരു മാറ്റം അനിവാര്യമാണെന്ന് ക്ലബ്ബ് ഉടമകൾ കരുതുന്നു.ക്ലബ്ബിന്റെ പ്രവർത്തന ശൈലിയിൽ തന്നെ ചില മാറ്റങ്ങൾ മന്ദർ വരുന്നതോടെ ഉണ്ടായേക്കാം.

സീസൺ അവസാനിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്. നിലവിലെ മത്സരങ്ങൾ പൂർത്തിയാകുന്നതോടെ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.

ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പുനഃസംഘടനയ്ക്കാണ് ഇതിലൂടെ വഴിയൊരുങ്ങുന്നത്. പുതിയ സിഇഒ വരുന്നതോടെ ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം നേടാൻ സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ഇപ്പോൾ മഞ്ഞപ്പടയുടെ ആരാധകർ.

ALSO READ: റയാൻ വില്യംസിന് പിന്നാലെ മറ്റൊരു വിദേശശക്തി; യാൻ ധൻഡ ഇന്ത്യൻ ടീമിൽ എത്തുമോ?

English Summary : Kerala Blasters are in talks with Mandar Tamhane to appoint him as the new CEO for next season. Mandar, who successfully led NorthEast United to the Durand Cup, is expected to bring structural changes and academy growth to Kerala Blasters under a full club revamp plan.