കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റ ചർച്ചകളും പുതിയ നിക്ഷേപകരുടെ വരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ആരാധകരുടെ വികാരമായ മറ്റൊരു വലിയ കാര്യത്തിലും മാറ്റത്തിന് വഴിയൊരുങ്ങുകയാണ്.
ഇത്രയും കാലം മഞ്ഞപ്പടയുടെ സ്വന്തം കോട്ടയായിരുന്ന ഹോം ഗ്രൗണ്ടിൽ നിന്ന് ക്ലബ്ബ് മാറിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഐഎസ്എൽ തുടങ്ങി കഴിഞ്ഞ 12 വർഷമായി കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തെയാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഹോം ഗ്രൗണ്ടായി സ്വീകരിച്ചിരുന്നത്. എന്നാൽ വരുന്ന സീസണിൽ കൊച്ചിക്ക് പകരം മലപ്പുറത്തെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം തങ്ങളുടെ പുതിയ തട്ടകമാക്കാൻ മാനേജ്‌മെന്റ് ഗൗരവമായി ആലോചിക്കുന്നുണ്ട്.
ഫുട്ബോൾ ആവേശത്തിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ള മലബാറിലേക്ക് മഞ്ഞപ്പടയുടെ മത്സരങ്ങൾ എത്തുന്നുവെന്നത് ചെറിയൊരു ചലനമല്ല ഉണ്ടാക്കാൻ പോകുന്നത്.

എന്നാൽ ഈ നീക്കത്തിന് പിന്നിൽ ചില ശക്തമായ കാരണങ്ങളുമുണ്ട്.
കൊച്ചിയിലെ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയുമായി ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് നിലനിർത്തിയിരുന്ന വിയോജിപ്പുകളും തർക്കങ്ങളുമാണ് ഇതിൽ പ്രധാനം.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം പോരാട്ടത്തിന് തൊട്ടുമുമ്പ് ടീമിന്റെ വാർത്താസമ്മേളനം തടഞ്ഞതും, സ്റ്റേഡിയത്തിൽ വെച്ച് ക്ലബ്ബ് ഉടമകൾ നേരിടേണ്ടി വന്ന കയ്പേറിയ അനുഭവങ്ങളുമൊക്കെ വലിയ രീതിയിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ജി.സി.ഡി.എയുമായുള്ള നിരന്തരമായ പ്രശ്നങ്ങൾ ഒപ്പം ക്ലബ്ബ് ഇപ്പോൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് പുതിയൊരു വേദി അന്വേഷിക്കാൻ ബ്ലാസ്റ്റേഴ്‌സിനെ പ്രേരിപ്പിക്കുന്നത്.
വലിയ തുക ചെലവഴിക്കേണ്ടി വരുന്ന കലൂർ സ്റ്റേഡിയത്തെ അപേക്ഷിച്ച് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വാടകച്ചെലവ് വളരെ കുറവാണ്. ഏകദേശം മുപ്പതിനായിരത്തോളം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പയ്യനാട് സ്റ്റേഡിയം മുൻപ് സൂപ്പർ കപ്പ് മത്സരങ്ങൾക്കും വിജയകരമായി വേദിയായിട്ടുണ്ട്. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തിക ബാധ്യത കുറയ്ക്കാനും, മലബാറിലെ വൻ ആരാധകവൃന്ദത്തെ കൃത്യമായി ഉപയോഗപ്പെടുത്താനും മഞ്ചേരിയിലേക്കുള്ള ഈ മാറ്റം ക്ലബ്ബിന് സഹായകരമാകുമെന്നാണ് കരുതുന്നത്.
ALSO READ:
- ശുഭവാർത്തയിലേക്കെടുത്ത് ബ്ലാസ്റ്റേഴ്സ്: കൈമാറ്റം അന്തിമഘട്ടത്തിലേക്ക്
- വീണ്ടും കൂടുമാറ്റം: ബ്ലാസ്റ്റേഴ്സ് വിട്ട് യൂറോപ്യൻ ടോപ് ഡിവിഷൻ ക്ലബിനൊപ്പം ചേർന്ന് സൂപ്പർ താരം
- ബ്ലാസ്റ്റേഴ്സിൽ ‘ആഷ്ലി യുഗം’ തുടരും: പക്ഷെ ഒരൊറ്റ ഡിമാൻഡ്
English Summary: Kerala Blasters are considering shifting their home ground from Kochi’s Kaloor Stadium to Payyanad Stadium in Manjeri. Disputes with GCDA and higher rental costs at Kochi have pushed the management toward this cost effective move to Malappuram, utilizing the region’s massive football fanbase.
