FootballIndian Super LeagueKBFCSports

ഇനി ബാക്കിയുള്ളത് 26 ദിവസങ്ങൾ: ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്കളേറെ

ഉടമസ്ഥാവകാശത്തിലെ അനിശ്ചിതത്വത്തേക്കാൾ ആരാധകരെ ഭയപ്പെടുത്തുന്നത് വരാനിരിക്കുന്ന പുതിയ ഐഎസ്എൽ സീസണിനെക്കുറിച്ചുള്ള സംശയങ്ങളാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കടുത്ത ആശങ്കയിലൂടെയും അവ്യക്തതകളിലൂടെയുമാണ് ഇപ്പോൾ കടന്നുപോകുന്നത്. നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് തങ്ങളുടെ പൂർണ്ണ ഓഹരികളും വിൽക്കാൻ ഒരുങ്ങുകയാണെന്നും പുതിയ ഉടമകൾ ക്ലബ്ബ് ഏറ്റെടുക്കുമെന്നുമുള്ള വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

എന്നാൽ ഇതിലൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ആരാകും പുതിയ ഉടമകൾ എന്നതിനെക്കുറിച്ചും യാതൊരു സൂചനയുമില്ല.

ഉടമസ്ഥാവകാശത്തിലെ അനിശ്ചിതത്വത്തേക്കാൾ ആരാധകരെ ഭയപ്പെടുത്തുന്നത് വരാനിരിക്കുന്ന പുതിയ ഐഎസ്എൽ സീസണിനെക്കുറിച്ചുള്ള സംശയങ്ങളാണ്.

Kerala Blasters news and updates
Image Credit: ISL

ഒക്ടോബർ 10-ന് പുതിയ സീസൺ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ട്. കാരണം ഐഎസ്എല്ലിൽ പങ്കെടുകുന്നതിനായി എഐഎഫ്എഫിന് നൽകേണ്ട തുക ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കൈമാറിക്കഴിഞ്ഞു. എന്നാൽ അടുത്ത സീസണിൽ ആരെ വെച്ച് കളിക്കളത്തിലിറങ്ങും എന്നതാണ് ഏറ്റവും വലിയ ചോദ്യചിഹ്നമായി തുടരുന്നത്.

നിലവിൽ കേവലം 13 താരങ്ങൾ മാത്രമാണ് ടീമുമായി കരാറിലുള്ളത്. ബാക്കിയുള്ള കളിക്കാർ ഇതിനകം തന്നെ ടീം വിട്ടുപോയിക്കഴിഞ്ഞു. കേവലം 13 കളിക്കാരെ മാത്രം വെച്ച് ഒരു പുതിയ സീസൺ ആരംഭിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് സാധ്യമല്ല.

പുതിയ താരങ്ങളെ ടീമിലെത്തിച്ചതായി ഇതുവരെ യാതൊരു വിവരവുമില്ല. ചില പ്രമുഖ താരങ്ങളുമായി മാനേജ്‌മെന്റ് ചർച്ചകൾ നടത്തുന്നുണ്ടെന്ന പ്രചാരണങ്ങൾ ഉണ്ടെങ്കിലും അതിലൊന്നും ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിപണി സെപ്റ്റംബർ 15-ന് അവസാനിക്കുകയാണ്. ഇനി വെറും 26 ദിവസങ്ങൾ മാത്രമാണ് ട്രാൻസ്ഫർ വിപണി അടക്കാൻ ബാക്കിയുള്ളത്.

ഇതിനുള്ളിൽ കഴിവുള്ള പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ മാനേജ്‌മെന്റിന് സാധിക്കുമോ എന്നതാണ് ആരാധകരുടെ പ്രധാന സംശയം.

സെപ്റ്റംബർ 15 കഴിഞാൽ വിപണിയിൽ നിന്ന് മികച്ച താരങ്ങളെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയില്ല.

പിന്നീട് മറ്റ് ടീമുകൾക്ക് വേണ്ടാത്ത ഫ്രീ ഏജന്റുകളായ കളിക്കാരെ മാത്രമേ ടീമിലേക്ക് എടുക്കാൻ സാധിക്കൂ.

ദിവസങ്ങൾ വേഗത്തിൽ എണ്ണപ്പെട്ടുതീരുമ്പോഴും ഉടമസ്ഥാവകാശത്തിലും ടീം രൂപീകരണത്തിലും വ്യക്തത വരാത്തത് ആരാധകരെ നിരാശരാക്കുന്നുണ്ട്.

ALSO READ:

English Summary: The latest Kerala Blasters news and updates highlight mounting uncertainty among fans regarding ownership changes and squad strength. With only 13 contracted players and the transfer deadline approaching on September 15, management faces critical pressure to secure new signings before the upcoming ISL season begins in October.