ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ നിക്ഷേപകരിലൊരാളും ആഗോള നിക്ഷേപ സ്ഥാപനവുമായ ആരെസ് മാനേജ്മെന്റ് ഐപിഎല്ലിലും ടീമിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നു.
ലോസാഞ്ചലസ് ആസ്ഥാനമായുള്ള ആരെസ് മാനേജ്മെന്റ്, ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് ഓഹരികളുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആർ) ഓഹരികളാണ് വാങ്ങുക.
ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയായ ജയ് മേത്തയും ഭാര്യ ജൂഹി ചൗളയും തങ്ങളുടെ ഉടമസ്ഥതയിലുള്ള മേത്ത ഗ്രൂപ്പിന്റെ 45 ശതമാനം ഓഹരികളുടെ പകുതിയാണ് ആരെസ് മാനേജ്മെന്റിന് കൈമാറുന്നത്. ഏകദേശം 400 മില്യൺ ഡോളറിന്റെ കൈമാറ്റമാണ് ഇത്.
22.5 ശതമാനം ഓഹരികൾക്ക് 400 മില്യൺ ഡോളർ ലഭിക്കുന്നതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആകെ മൂല്യം കുതിച്ചുയരും.
2008-ൽ 75 മില്യൺ ഡോളറിന് സ്വന്തമാക്കിയ കൊൽക്കത്ത ഫ്രാഞ്ചൈസിയുടെ ആകെ മൂല്യം ഇതോടെ ഏകദേശം 1.78 മുതൽ 1.79 ബില്യൺ ഡോളറിലേക്ക് ഉയരും.
ബിസിസിഐയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഈ ഓഹരി കൈമാറ്റം പൂർണ്ണമായി നടപ്പിലാകൂ.
ഐപിഎൽ ഫ്രാഞ്ചൈസിയിലേക്ക് കടന്നുവരുന്ന പുതിയ നിക്ഷേപകരുടെ പശ്ചാത്തലവും സാമ്പത്തിക വശങ്ങളും ബിസിസിഐ വിശദമായി പരിശോധിക്കും.
ഐപിഎൽ ചട്ടപ്രകാരം ഓഹരി കൈമാറ്റത്തിൽ വിൽപ്പന തുകയുടെ അഞ്ച് ശതമാനം ബിസിസിഐക്കാണ് ലഭിക്കുക. ഈ കണക്കനുസരിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരി കൈമാറ്റത്തിലൂടെ ഏകദേശം 20 മില്യൺ ഡോളർ, അതായത് ഏകദേശം 200 കോടി രൂപയോളം ബിസിസിഐക്ക് വരുമാനമായി ലഭിക്കും.
നിലവിൽ ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് 55 ശതമാനം ഓഹരികളാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലുള്ളത്, ആ ഇടപാടിൽ മാറ്റമുണ്ടാകില്ല.
പ്രീമിയർ ലീഗ് ഫുട്ബോളിലും എൻഎഫ്എല്ലിലും നിക്ഷേപമിറക്കിയ ആരെസ് മാനേജ്മെന്റിന് ക്രിക്കറ്റിലും നേരത്തെ തന്നെ സാന്നിധ്യമുണ്ട്. ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിലെ ട്രെന്റ് റോക്കറ്റ്സ് ടീമിന്റെ സഹ ഉടമകളാണ് ആരെസ് മാനേജ്മെന്റ്.
ആഗോള കായിക വിപണിയിലെ വൻകിട നിക്ഷേപകർ ഐപിഎൽ ടീമുകളിലേക്ക് ആകർഷിക്കപ്പെടുന്നതിന്റെ സൂചന കൂടിയാണിത്.
ഐപിഎല്ലിന്റെ ആഗോള ബ്രാൻഡ് മൂല്യവും ബിസിനസ് സാധ്യതകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സ്പോർട്സ് നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
അമേരിക്കൻ ക്രിക്കറ്റ് ലീഗായ മേജർ ലീഗ് ക്രിക്കറ്റിലും നൈറ്റ് റൈഡേഴ്സ് സാന്നിധ്യമുള്ളതിനാൽ ആരെസ് മാനേജ്മെന്റിന്റെ കടന്നുവരവ് ഫ്രാഞ്ചൈസിയുടെ ആഗോള വളർച്ചയ്ക്കും കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ALSO READ:
- ഐപിഎല്ലിൽ പുതിയ 2 ടീമുകൾ കൂടി വരുന്നു: പ്ലാനിലുള്ളത് ഈ 2 സിറ്റികൾ
- ആ രണ്ട് താരങ്ങളാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ: മനസ്സ് തുറന്ന് ലൂണ
- ‘അവന്റെയുള്ളിൽ ആവേശത്തിന്റെ തീയുണ്ട്’ ബ്ലാസ്റ്റേഴ്സിന്റെ ഭാവി സൂപ്പർതാരത്തെ പ്രഖ്യാപിച്ച് അഡ്രിയാൻ ലൂണ
- ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ SLK-യിലെ മിന്നൽ താരങ്ങൾ: സൂപ്പർ ലീഗിൽ തമ്പടിച്ച് ബ്ലാസ്റ്റേഴ്സ്
English Summary: Global investor Ares Management, backed by stakes in Chelsea FC and the Miami Dolphins, is set to acquire a 22.5% stake in Kolkata Knight Riders for around $400 million in the IPL, valuing the franchise near $1.78 billion subject to BCCI approval.
