FootballIndian Super LeagueKBFCSports

എന്താണ് ബ്ലാസ്റ്റേഴ്‌സിൽ നടക്കുന്നത്? നിലവിലെ പ്രശ്നങ്ങളെ കുറിച്ചറിയാം..

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ തലപൊക്കുകയാണ്. ക്ലബ്ബിന്റെ പുതിയ മാനേജ്‌മെന്റായ ഓഫിയോ സ്പോർട്ടിയെ പുറത്താക്കിയെന്നും ക്ലബ് നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് എന്നുമുള്ള പുതിയ റിപോർട്ടുകൾ പുറത്ത് വരികയാണ്.

ഈ സാഹചര്യത്തിൽ എന്താണ് നിലവിലെ പ്രശ്നമെന്നും ഇത് എങ്ങനെയാണ് പരിഹരിക്കാൻ ക്ലബ് ശ്രമിക്കുന്നത് എന്നും നോക്കാം..

മാഗ്നം സ്പോർട്സിൽ നിന്നും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം കുറച്ച് മാസങ്ങൾക്ക് മുമ്പാണ് യുഎഇ ആസ്ഥാനമായ അൽ-ഫുർസാൻ വെഞ്ചേഴ്‌സ് വാങ്ങിക്കുന്നത്.

എന്നാൽ കൈമാറ്റ തുക പൂർണമായും നൽകിയല്ല അൽ-ഫുർസാൻ ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുത്തത്. മറിച്ച് എട്ട് മാസങ്ങളിലായി പണം ഘട്ടം ഘട്ടമായി കൈമാറി മുഴുവൻ തുകയും നൽകി ക്ലബ്ബിനെ ഏറ്റെടുക്കാനാണ് അൽ-ഫുർസാൻ പദ്ധതിയിട്ടത്. ഇതായിരുന്നു കരാർ വ്യവസ്ഥ.

കൂടാതെ പണം മുഴുവനായും കൈമാറുന്നത് വരെ അഭിക് ചാറ്റർജി മാഗ്നം സ്പോർട്സിനെ പ്രതിനിധികരിച്ച് ക്ലബ്ബിന്റെ സിഇഒ ആയി തുടരുമെന്നും ഈ കരാറിലുണ്ടായിരുന്നു.

എന്നാൽ ഈ കരാർ പ്രകാരം ആദ്യ 2 മാസങ്ങളിൽ തന്നെ അൽ-ഫുർസാൻ ഇടപാട് മുടക്കി. അതായത് ക്ലബ്ബിന്റെ കൈമാറ്റ തുക ആദ്യ 2 മാസങ്ങളിലും അൽ- ഫുർസാൻ അടച്ചില്ല.

ഇതോടെയാണ് പഴയ ഉടമകൾ അൽ-ഫുർസാനെതിരെ തിരിയുന്നതും അവരുടെ പ്രതിനിധികളായ ഓഫിയോ സ്പോർട്ടിയെ ഓപ്പറെഷനുകളിൽ നിന്ന് നീക്കം ചെയ്യുന്നതും.

അൽ-ഫുർസാൻ എപ്പോഴാണോ ക്ലബ്ബിന്റെ പകുതിയിലധികം അതായത് 51% തുക അടയ്ക്കുന്നുവോ അപ്പോൾ മാത്രമേ ഓഫിയോ സ്പോർട്ടിയ്ക്ക് വീണ്ടും ക്ലബ്ബിന്റെ ഭാഗമാകാൻ കഴിയുകയുള്ളു.

ചുരുക്കി പറഞ്ഞാൽ അൽ- ഫുർസാൻ കൈമാറ്റ തുക അടയ്ക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഓഫിയോ സ്പോർട്ടി സംശയനിഴലിൽ

അൽ- ഫുർസാൻ എന്ത് കൊണ്ടാണോ പണം അടയ്ക്കാത്തത് എന്ന കാര്യം വ്യക്തമല്ല. അതല്ല അൽ- ഫുർസാനെ മുന്നിൽ നിർത്തി മറ്റു ചില പദ്ധതികൾക്കാണോ ഓഫിയോ സ്‌പോർട്ടി ശ്രമിച്ചത് എന്ന കാര്യവും വ്യക്തമല്ല.

അൽ- ഫുർസാൻ കൈമാറ്റ തുക നൽകിയില്ല എന്ന് മാത്രമല്ല, ക്ലബ്ബിന്റെ നിലവിലെ ഓപ്പറേഷനുള്ള പണവും നൽകിയിട്ടില്ല.

അത് മൂലം ജീവനക്കാർക്ക് ശമ്പളം നൽകാനും സാധിച്ചിട്ടില്ല. ഒപ്പം സ്റ്റേഡിയം വാടക പോലും നൽകിയിട്ടില്ല.

എന്ത് കൊണ്ട് അൽ- ഫുർസാൻ പണം അടച്ചില്ല എന്ന കാര്യത്തിൽ ഓഫിയോ സ്പോർട്ടിയാണ് വ്യക്തത വരുത്തേണ്ടത്.

ഒന്നല്ലെങ്കിൽ അൽ-ഫുർസാനെ കൊണ്ട് പണം അടപ്പിക്കാനോ അല്ലെങ്കിൽ അൽ- ഫുർസാനോപ്പം പുതിയ നിക്ഷേപകരെ കൊണ്ട് വന്ന് കൈമാറ്റ തുക സ്വരൂപിക്കാനാണ് ഒഫിയോയുടെ നീക്കം എന്നാണ് റിപോർട്ടുകൾ.

അതേ സമയം, അറബിയെ മുന്നിൽ നിർത്തി കേരളത്തിൽ നിന്നും നിക്ഷേപം സ്വീകരിക്കാനായിരുന്നു ഓഫിയോ സ്‌പോർട്ടി ശ്രമിച്ചത് എന്ന ആരോപണവും ശക്തമാണ്.

എന്നാൽ ഓഫിയോയ്ക്ക് അറബിയെ മുന്നിൽ നിർത്തി നിക്ഷേപകരെ കൊണ്ട് വരാൻ സാധിക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് പിന്നിലെന്ന് കരുതപ്പെടുന്നു.

ALSO READ:

English Summary: Kerala Blasters faces a severe financial and ownership crisis as new buyer Al Fursan failed to complete early stage acquisition payments to Magnum Sports. Consequently, operational partner Ofioh Sporty was removed. Unpaid staff salaries and stadium rents further compound the operational instability surrounding Kerala Blasters.