ബ്ലാസ്റ്റേഴ്‌സ് വിട്ടവർ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തുന്ന രണ്ട് കാഴ്ചകളാണ് സമീപ കാലത്തായി നമ്മൾ കണ്ടത്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷയിലേക്ക് പോയ രാഹുൽ കെപി ആദ്യ മത്സരത്തിൽ ഒരു ഗോൾ നേടിയത് നമ്മളെല്ലാവരും കണ്ടതാണ്. ( ആ ഗോൾ രാഹുലിന്റെ മികവാണെങ്കിലും ഓൺ ഗോളായാണ് റെക്കോർഡ് ചെയ്തത്). ഇപ്പോഴിതാ രാഹുലിന് പിന്നാലെ മറ്റൊരു താരം കൂടി അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയിരിക്കുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്ലാസ്റ്റേഴ്‌സ് ഇന്റർ കാശിയിലേക്ക് ലോണിൽ അയച്ച ബ്രൈസ് മിറാൻഡ കഴിഞ്ഞ ദിവസം നടന്ന ഐ ലീഗ് മത്സരത്തിൽ കാശിക്കായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഐഎസ്വാൾ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ബ്രയിസ് അരങ്ങേറ്റത്തിൽ തന്നെ ഒരു ഗോളിന് പിന്നിൽ പ്രവർത്തിക്കുകയും ചെയ്തു.
മത്സരത്തിന്റെ 65 ആം മിനുട്ടിൽ ബ്രൈസ് തൊടുത്ത് വിട്ട ഒരു ഷോട്ട് ഡിഫ്‌ളക്ഷനിലൂടെ ഗോളായെങ്കിലും ആ ഗോൾ ഐസ്വാൾ താരം ലാൽപുയിയുടെ ഓൺ ഗോളായാണ് റെക്കോർഡ് ചെയ്തത്. ഓൺ ഗോളാണെങ്കിലും ആ ഗോളിന് പിന്നിൽ പ്രവർത്തിച്ചത് ബ്രൈസ് മിറാണ്ടയാണ്.
മൽസരത്തിൽ മൂന്നിനെതിരെ 4 ഗോളുകൾക്ക് ഇന്റർ കാശി വിജയിക്കുകയും ചെയ്തു. വിജയത്തോടെ 17 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്റർ കാശി.
19 പോയിൻററുമായി ചർച്ചിൽ ബ്രദേഴ്സാണ് പട്ടികയിൽ ഒന്നാമൻ. ഇത്തവണയും ഐ- ലീഗ് വിജയികൾക്ക് ഐഎസ്എല്ലിലേക്ക് പ്രൊമോഷനുണ്ട്.