ഐഎസ്എല്ലിലെ വിദേശ താരങ്ങളുടെ എണ്ണത്തിൽ മാറ്റത്തിന് സാധ്യത.ISL-ൽ കളിക്കളത്തിലെ വിദേശ കളിക്കാരുടെ എണ്ണം 3 ആയി കുറയ്ക്കാനും, സ്ക്വാഡിൽ പരമാവധി 5 വിദേശികളെ അനുവദിക്കാനുമുള്ള നിർദ്ദേശം വെച്ചിരിക്കുകയാണ് എഐഎഫ്എഫ്. ഇന്ത്യൻ കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ സഹായിക്കാനുമാണ് എഐഎഫ്എഫ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ, ISL ക്ലബ്ബുകൾക്ക് പരമാവധി 6 വിദേശ കളിക്കാരെ സ്ക്വാഡിൽ ഉൾപ്പെടുത്താനും, കളിക്കളത്തിൽ 4 വിദേശ കളിക്കാരെ വരെ ഇറക്കാനും അനുവാദമുണ്ട്.
എഐഎഫ്എഫ് മുന്നോട്ട് വെച്ച ആവശ്യത്തോട് FSDL (Football Sports Development Limited) എങ്ങനെ പ്രതികരിക്കുന്നു എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം, വിദേശ കളിക്കാർ ലീഗിന്റെ ഗുണനിലവാരത്തെയും ആകർഷണീയതയെയും സ്വാധീനിക്കുന്നുണ്ട്. വിദേശ കളിക്കാരുടെ എന്ന കുറയ്ക്കുന്നതോടെ ലീഗിന്റെ നിലവിലെ നിലവാരം കുറയുമോ എന്ന ആശങ്കയുമുണ്ട്.
ഇന്ത്യൻ സ്ട്രൈക്കർമാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും, അത് ദേശീയ ടീമിന് മുതൽക്കൂട്ടാകുമെന്നും AIFF കരുതുന്നു. എന്നാൽ, ക്ലബ്ബുകൾക്ക് ഇത് വെല്ലുവിളിയാകാം, കാരണം അവർക്ക് വിദേശ കളിക്കാരെ ആശ്രയിച്ച് കളിക്കാനുള്ള സ്വാതന്ത്ര്യം കുറയും.
കൂടാതെ SAFF (South Asian Football Federation) രാജ്യങ്ങളിലെ കളിക്കാരെ ആഭ്യന്തര കളിക്കാരെ പോലെ കണക്കാക്കാനും എഐഎഫ്എഫ് പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ, SAFF രാജ്യങ്ങളിലെ കളിക്കാർക്ക് വിദേശ ക്വാട്ടയിൽ ഉൾപ്പെടാതെ ISL-ൽ കളിക്കാൻ സാധിക്കും.FSDL-ഉം ക്ലബ്ബ് ഉടമകളും AIFF-മായി ഈ വിഷയത്തിൽ വിശദമായ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.