കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന 2026 ലെ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി അർജന്റീന. ലാറ്റിനമേരിക്കയിൽ നിന്നും ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി ഇതോടെ അർജന്റീന മാറിയിരിക്കുകയാണ്.
ലാറ്റിനമേരിക്കൻ യോഗ്യത പോരാട്ടങ്ങളിൽ ബൊളീവിയയും ഉറുഗ്വേയും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത ഉറപ്പാക്കിയത്. അതേ സമയം, ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ 31 പോയിന്റുമായി അർജന്റീന തന്നെയാണ് ഇപ്പോഴും ബഹുദൂരം മുന്നിൽ. ലാറ്റിനമേരിക്കയിൽ നിന്നും ആറ് ടീമുകൾക്കാണ് ഇത്തവണ ലോകകപ്പ് യോഗ്യതയുള്ളത്.
ലോകകപ്പ് വേദികളായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ ടീമുകൾക്ക് പുറമെ ജപ്പാൻ, ന്യൂസിലാൻഡ്, അർജന്റീന എന്നീ ടീമുകളാണ് ഇതിനോടകം ലോകകപ്പ് യോഗ്യത നേടിയിരിക്കുന്നത്.
മുൻ ലോകകപ്പുകൾ അപേക്ഷിച്ച് ഇത്തവണ 48 ടീമുകൾക്കാണ് ലോകകപ്പ് പ്രവേശനമുള്ളത്. നേരത്തെ 32 ടീമുകൾക്കായിരുന്നു ലോകകപ്പ് യോഗ്യത ഉണ്ടായിരുന്നത്.
2026 ജൂൺ 11 മുതൽ ജൂലായ് 19 വരെയാണ് ലോകകപ്പ് നടക്കുക. അർജന്റീനയാണ് നിലവിലെ ലോകചാമ്പ്യന്മാർ.