സീസണിൽ കിതച്ച് തുടങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കിതപ്പ് ഒരൽപം മാറ്റിയെടുത്തത് താൽകാലിക പരിശീലകനായ തോമസ് ചോഴ്സാണ്. നിലവിൽ കടലാസിൽ ടിജി പുരുഷോത്തമനാണ് ബ്ലാസ്റ്റേഴ്സിന്റെ താൽകാലിക പരിശീലകനെങ്കിലും ടീമിന്റെ ടാക്ടിക്സ് ഒരുക്കുന്നത് തോമസാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായ തോമസ് ചോഴ്സ് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാറിന്റെ അവസാന സമയത്താണുള്ളത്.

ട്രാൻസ്ഫർ മാർക്കറ്റ് എന്ന വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിന്റെ പരിശീലക കരാറുള്ള തോമസ് ചോഴ്സിന്റെ കരാർ അവസാനിക്കുന്നത് 2025 മെയ് 31 നാണ്. അതായത് തോമസും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രം.

തോമസുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയതായി ഇത് വരെ അപ്‌ഡേറ്റുകൾ വന്നിട്ടില്ല. ഇനിയും ബ്ലാസ്റ്റേഴ്‌സ് തോമസുമായി കരാർ പുതുക്കിയില്ല എങ്കിൽ ബ്ലാസ്റ്റേഴ്സിന് ജീവശ്വാസം തിരിച്ച് നൽകിയ തോമസാശാൻ ഈ സീസണോടെ ക്ലബ് വിടും.

2020 ൽ കിബൂ വികുനയ്ക്കൊപ്പം സഹപരിശീലകനായി ബ്ലാസ്റ്റേഴ്സിലെത്തിയ തോമസിന് വികുന ക്ലബ് വിട്ട സാഹചര്യത്തിലും അണ്ടർ 21 ടീമിന്റെ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് നിയമനം നൽകി. 2022 ൽ അദ്ദേഹവുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കുകയും ചെയ്തു. അന്ന് പുതുക്കിയ കരാറാണ് ഈ വർഷം മെയ് മാസത്തിൽ അവസാനിക്കാനിരിക്കുന്നത്.

പുതിയ പരിശീലകൻ വരുന്നതോടെ തോമസിനെ കരാർ പുതുക്കി വീണ്ടും റിസർവ് ടീമിലേക്ക് അയക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.

ALSO READ: സീൻ മാറ്റി തോമസ്; ആരാധകർ മടങ്ങിയെത്തുന്നു; ടിക്കറ്റ് വിൽപനയിൽ വർദ്ധനവ്