തുടർച്ചയായ ടെസ്റ്റ് പരാജയവും ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പിൽ നിന്നും പുറത്താവുകയും ചെയ്ത സാഹചര്യത്തിൽ ബിസിസിഐ താരങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പെരുമാറ്റ ചട്ടമാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്ത താരങ്ങൾക്കെതിരെയുള്ള നടപടി. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ ഐപിഎൽ നിന്നടക്കം വിലക്കാൻ ബിസിസിഐ പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ നീക്കം മലയാളി താരം സഞ്ജു സാംസണ് തിരിച്ചടിയായേക്കും.

മുസ്താഖ് അലി ട്രോഫിക്ക് ശേഷം നടന്ന വിജയ് ഹസാരെ ടൂർണമെന്റിൽ സഞ്ജു കളിച്ചിരുന്നില്ല. വയനാടിൽ നടന്ന ക്യാമ്പിൽ സഞ്ജു പങ്കെടുക്കാത്തതിനെ തുടർന്നാണ് സഞ്ജുവിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്താത് എന്നാണ് കെസിഎ നൽകിയ വിശദീകരണം. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

സഞ്ജു വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാതെ വിശ്രമം തേടിയതിൽ ബിസിസിഐ അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപോർട്ടുകൾ. കൂടാതെ ഈ വിഷയത്തിൽ സഞ്ജുവിനെതിരെ ബിസിസിഐ അന്വേഷണം [പ്രഖ്യാപിക്കാൻ സാധ്യതയുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാത്തത് എന്ത് കൊണ്ടെന്ന് ബിസിസിഐ അന്വേഷിക്കുകയും സഞ്ജുവിന്റെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സഞ്ജു ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരിക്കുകയും ബിസിസിഐയെ അറിയിക്കാതെയാണ് താരം അവധിയിൽ പ്രവേശിച്ചതെന്ന് ബിസിസിഐയ്ക്ക് തെളിയുകയാണ് എങ്കിൽ സഞ്ജുവിന്റെ കരിയറിൽ അതൊരു തിരിച്ചടിയാകും.

സഞ്ജുവിന്റെ വ്യക്തി താൽപര്യം അനുസരിച്ചാണ് സഞ്ജു ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തത് എന്ന് ബിസിസിഐയ്ക്ക് ബോധ്യമായാൽ സഞ്ജുവിന്റെ ദേശീയ ടീമിലെ സ്ഥാനത്തിന് തിരിച്ചടിയാവും. ചിലപ്പോൾ ഐപിഎല്ലിലും ഈ തിരിച്ചടി ലഭിച്ചേക്കാം. നേരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിനെ തുടർന്ന് ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരുടെ കരാർ ബിസിസിഐ റദ്ധാക്കുകയും വാർഷിക കരാറിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.